അതിഥി തൊഴിലാളികള്‍ : പണം നല്‍കി മടങ്ങാന്‍ തയ്യാറുള്ളവരുടെ വിവരശേഖരണം ജില്ലയില്‍ തുടങ്ങി

post

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായ സാഹചര്യത്തില്‍, ജില്ലയിലെ ക്യാമ്പുകളില്‍ നിന്ന്, സര്‍ക്കാര്‍ ലഭ്യമാക്കുന്ന ട്രയിന്‍ സൗകര്യം ഉപയോഗപ്പെടുത്തി പണം നല്‍കി മടങ്ങിപ്പോകാന്‍ തയ്യാറുള്ളവരുടെ വിവരശേഖരണം അടിയന്തിരമായി നടത്താന്‍ ജില്ല കളക്ടര്‍ എം.അഞ്ജനയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫും യോഗത്തില്‍ സംബന്ധിച്ചു. പണം നല്‍കി മടങ്ങിപ്പോകാന്‍ തയ്യാറുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ഓരോ താലൂക്കിലും പോലീസ്, റവന്യൂ, ലേബര്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചു.

അതത് താലൂക്കിലെ വിവിധ ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികളെ സന്ദര്‍ശിച്ച് പോകാന്‍ താല്‍പ്പര്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ നടത്തും. തുടര്‍ന്ന് വിവരങ്ങള്‍ കളക്ട്രേറ്റിലെ കണ്‍ട്രോള്‍റൂമിന് കൈമാറും. പേര്, വയസ്സ്, പോകേണ്ട സംസ്ഥാനം എന്നിവയാണ് പ്രധാനമായും ആരായുന്നത്. ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന അര്‍ഹിക്കുന്നവരാണോ എന്ന വിവരവും തേടുന്നുണ്ട്. സ്ത്രീകള്‍, കുടുംബമായുള്ളവര്‍, കുട്ടികളുമായി പോകേണ്ടവര്‍, എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവര്‍, വലിയ ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. നിലവില്‍ ഇവര്‍ക്ക് മൂവ് മെന്റ് പാസ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യാത്രയ്ക്കുള്ള ടിക്കറ്റ്, യാത്രാവേളയില്‍ ഒരു ദിവസം രണ്ടുനേരമെങ്കിലും കഴിക്കാനുള്ള ഭക്ഷണം എന്നിവ സഹിതമാണ് ഇവര്‍ യാത്രചെയ്യുക. പണം നല്‍കി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തയ്യാറായവരുടെ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ഡി.എം.ഓ സ്വീകരിക്കും. യാത്രയ്ക്ക് തയ്യാറായവരുടെ ലിസ്റ്റ് പ്രകാരം ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന് നിശ്ചിത ഇടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് തയ്യാറാക്കും.

ടിക്കറ്റ്, ഭക്ഷണക്കിറ്റ് എന്നിവ നല്‍കി ഇവരെ ബസ്സില്‍ കയറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കും. ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമായിരിക്കും ട്രെയിനിലും ബസ്സിലും  ഉണ്ടാവുക. കൂടാതെ മാസ്‌ക് നിര്‍ബന്ധമാണ്. ഒരു തരത്തിലും കൂട്ടം കൂടാതിരിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.ഒരു ട്രയിനില്‍ 1140 പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഉണ്ടാവുക എന്നാണ് അറിയിച്ചിട്ടുള്ളത്. ചേര്‍ത്തല, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ അനുവദിക്കണമെന്നാണ് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ യാത്രയുടെ അവസാന രൂപരേഖ തയ്യാറാവൂ.

ആകെ പത്തൊമ്പതിനായിരത്തോളം പേരാണ് ജില്ലയില്‍ അതിഥി തൊഴിലാളികളായി ഉള്ളതെന്നാണ് ഇപ്പോഴത്തെ കണക്ക്. യോഗത്തില്‍ ജില്ല ലേബര്‍ ഓഫീസര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി കളക്ടര്‍ ദുരന്തനിവാരണം ആശാ സി എബ്രഹാം, ആര്‍.ഡി.ഓമാരായ എസ്. സന്തോഷ് കുമാര്‍, ജി.ഉഷാകുമാരി, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിന്ധു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. അതിഥി തൊഴിലാളികള്‍ക്കായി ജില്ലയില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം നമ്പര്‍ 0477 2239040.