നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി ആക്ഷന്‍ പ്ലാന്‍

post

9,300 തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചു

പത്തനംതിട്ട : നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവര്‍ക്കായുള്ള ആക്ഷന്‍ പ്ലാന്‍ തഹസീല്‍ദാര്‍മാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ചേര്‍ന്നാണു തയ്യാറാക്കുന്നതെന്നും ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 

ജില്ലയില്‍ നിലവില്‍ 16,066 അതിഥി തൊഴിലാളികള്‍ ഉള്ളതില്‍ 9,300 പേരാണു നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍പേര്‍ മടങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ളത് അടൂര്‍ താലൂക്കിലാണ്. അടൂരില്‍ 2584 പേരാണ് സന്നദ്ധത അറിയിച്ചത്. ഇവരില്‍ 2055 പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. അതിഥി സംസ്ഥാന തൊഴിലാളികളില്‍ നാട്ടിലേക്ക് പോകാന്‍ സന്നദ്ധ അറിയിച്ചതില്‍  ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളിലേക്കാണ്. 6665 പശ്ചിമ ബംഗാള്‍ സ്വദേശികളാണു നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്.  

പത്തനംതിട്ട ജില്ലയില്‍ നിന്നു നാട്ടിലേക്കുപോകാന്‍ താല്‍പര്യമുള്ളവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനുള്ള ക്രമീകരണം അതത് മേഖലയിലെ തഹസീല്‍ദാര്‍മാരും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ഒരുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. അതിഥി സംസ്ഥാന തൊഴിലാളികളുടെ എല്ലാ ക്യാമ്പുകളിലും അവര്‍ക്കായി ഒരുക്കിയിട്ടുള്ള ബസ്, ട്രെയിന്‍ എന്നിവയുടെ വിവരം കൃത്യമായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും തഹസീല്‍ദാര്‍മാരും അതിഥി തൊഴിലാളികളെ അറിയിക്കണം. ഏതെല്ലാം ബസ് ഏതെല്ലാം സ്ഥലത്തെത്തുമെന്നു സമയം ഉള്‍പ്പെടെ എല്ലാ ക്യാമ്പിലും അറിയിക്കണം. ട്രെയിന്‍ പുറപ്പെടുന്നതിനു തലേദിവസം അതിഥി തൊഴിലാളികളെ ആവശ്യമായ മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് സ്‌ക്രീനിംഗ് നടത്തുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. മടങ്ങിപോകാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്കായി താലൂക്ക് തലത്തിലും റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തയ്യാറാക്കും. 

മടങ്ങിപോകുന്ന അതിഥി തൊഴിലാളികള്‍ ട്രെയിന്‍ ചാര്‍ജ് തലേദിവസം വില്ലേജ് ഓഫീസര്‍മാര്‍ക്കു കൈമാറണം. ട്രെയിന്‍ ചാര്‍ജ് അടയ്ക്കുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമായ അതിഥി സംസ്ഥാന തൊഴിലാളികളെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. ഒരു ബസില്‍ 30 പേര്‍ക്കാകും യാത്രാനുമതി. ഓരോ സംസ്ഥാനത്തിലേക്കും ട്രെയിനുകള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാകും ക്രമീണങ്ങള്‍ ഒരുക്കുക. ഇവരുടെ മടക്കയാത്രയ്ക്കു പോലീസ് സേവനവും ഉറപ്പാക്കും. മടങ്ങിപോകുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി മാസ്‌ക്ക്, ശാരീരിക അകലം, സാനിറ്റൈസര്‍ എന്നിവയ്ക്ക് ക്രമീകരണങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഒരുക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി ആവശ്യമായ ക്രമീകരണങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കും. അതിഥി സംസ്ഥാന തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ഉറപ്പാക്കണം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫയര്‍ഫോഴ്‌സ് നിര്‍വഹിക്കും. 

ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, എ.ഡി.എം അലക്‌സ് പി.തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ജില്ലാതല ഉദ്യോഗസ്ഥര്‍,തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.