കാസര്‍ഗോഡ് കോവിഡ് ആശുപത്രി: നാലാം വിദഗ്ധ സംഘം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും
തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 15 അംഗ സംഘം എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് ശേഷമാണ് ആലപ്പുഴയില്‍ നിന്നുള്ളവര്‍ എത്തിയത്. കാസര്‍ഗോഡ് കോവിഡ് രോഗികള്‍ കുറവാണെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും രോഗബാധിതര്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ സംഘത്തെ അഭിനന്ദനം അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍ ഡോ. ഷഫീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ളതാണ് 15 അംഗ സംഘം. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരായ ഡോ. അമിത എസ്. അലുംകാര, ഡോ. അരുണ്‍ സുജാത്, ഡോ. മാലിക ഫര്‍സൂം സിദ്ദീഖ്, ഡോ. എലിസബത്ത് ലൗലി, ഡോ. ജ്യോതി ഗീത മോഹന്‍കുമാര്‍, ഡോ. ടിസ ജോണ്‍, ഡോ. ഇവലിന്‍ റോയി, ഡോ. എസ്. രജിത, ഡോ. ഭവാനി പ്രസാദ്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ പി. കെ. ബീന, സി. എ. ഷിബു, മുഹമ്മദ് നിസാര്‍, കെ. ആര്‍. സജീവ്, പി. എം. ഷീജ എന്നിവരാണ് സംഘത്തിലുള്ളത്.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 26 അംഗ സംഘം കാസര്‍ഗോഡ് കോവിഡ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. ഈ സംഘത്തിന് പകരമായാണ് തൃശൂര്‍ സംഘം എത്തിയത്.
ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസര്‍ഗോഡ്. 178 കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വലിയ പ്രവര്‍ത്തനമാണ് നടന്നത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കല്‍ കോളേജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതില്‍ ഹെഡ് നഴ്‌സ്, നഴ്‌സ്, ക്ലാര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട് എന്നീ വിഭാഗക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.