വിസ്മയക്കാഴ്ചകളുടെ കയര്‍ ഇന്‍സ്റ്റലേഷനുകള്‍
ആലപ്പുഴ: കയര്‍ കേരള 2019ന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഇന്‍സ്റ്റേലേഷനുകള്‍ കലയുടേയും കയറിന്റേയും സംഗമക്കാഴ്ചയൊരുക്കുന്നു. ആലപ്പുഴ ബീച്ച്, കെഎസ്ആര്‍ടിസി - പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, ശവക്കോട്ടപ്പാലം, ഇഎംഎസ് സ്റ്റേഡിയം, കൊമ്മാടി എന്നിവിടങ്ങളിലായാണ് 15 ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിരിക്കുന്നത്. ബീച്ച് സൈഡില്‍ ഏഴും ഇഎംഎസ് സ്റ്റേഡിയത്തില്‍ മൂന്നും ബാക്കിയിടങ്ങളില്‍ ഒന്നും വീതം ശില്‍പ്പങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസാണ് കലാവിന്യാസം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.
സ്ഥലങ്ങളെ പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടുളള സൈറ്റ് യൂട്ടിലൈസ് ആശയമാണ് പ്രദര്‍ശനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ബീച്ചില്‍ കടല്‍പ്പാലത്തിനോട് ചേര്‍ന്ന് വില്‍സണ്‍ പൂക്കായി ഒരുക്കിയ കലാവിന്യാസം തകര്‍ന്ന കപ്പലിന്റെ പുനരുപയോഗം എന്ന ആശയത്തില്‍ തീര്‍ത്തതാണ്. കപ്പല്‍ ഗതാഗതത്തിന്റെ ഗതകാല സ്മരണകള്‍ ഇരമ്പുന്ന ആലപ്പുഴ കടല്‍പ്പാലത്തെ പൂര്‍ണ്ണമായി വില്‍സണ്‍ ഉപയോഗിച്ചിരിക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ആമീന്‍ ഖലീലിന്റെ ബോണ്ടേജ് സൂചിപ്പിക്കുന്നത് വഴിപിരിഞ്ഞുപോയ തെങ്ങിന്റേയും തെങ്ങില്‍ നിന്നുള്ള വിവിധ വസ്തുക്കളുടെയും പുനരുപയോഗമാണ്. വേരു മുതല്‍ തെങ്ങിന്റെ പൂക്കുല വരെയുള്ള വസ്തുക്കളുടെ പ്രാധാന്യം ഈ ശില്‍പ്പവും കാട്ടിത്തരുന്നു. രാജന്‍ അരയല്ലൂര്‍ ഒരുക്കിയ വിളംബരം എന്ന ശില്‍പ്പം കപ്പല്‍ വഴി കച്ചവടത്തിനെത്തിയ വൈദേശികരെ ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ വാണിജ്യ പാരമ്പര്യത്തിന്റെ പകര്‍ത്തിവയ്ക്കലാണ്. തെങ്ങിന്റെ ശത്രുവായ തണ്ടുതുരപ്പന്‍ പുഴുവിന്റെ രൂപം കണ്ടാമൃഗത്തിന്റെ ശരീരവുമായി ബന്ധപ്പെടുത്തി ബാലമുരളീകൃഷ്ണന്‍ ഒരുക്കിയ ശില്‍പ്പമാണ് മറ്റൊന്ന്. സുവര്‍ണ നാരായ ചകിരിയുടെ ശക്തി വിളിച്ചോതുന്ന മനോഹരമായ ശില്‍പ്പമാണ് ഹോച്ചിമിന്‍ ബീച്ച് സൈഡില്‍ ഒരുക്കിയിരിക്കുന്നത്. വിത്തിന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ശില്‍പ്പമാണ് ദിനേശ് പി.ജി. ബീച്ച് സൈഡില്‍ ഒരുക്കിയിരിക്കുന്നത്. ഉദയകുമാര്‍ പി.ജിയുടെ കൈവിരുതില്‍ തീര്‍ത്ത ഉരുവെന്ന ശില്‍പ്പം വ്യാപാരാവശ്യത്തിന് നാട്ടില്‍ വന്ന വൈദേശികരുടെ ഓര്‍മകളുണര്‍ത്തും.
പ്രദര്‍ശനത്തിലെ ഏക സ്ത്രീ സാന്നിധ്യമായ ലീനരാജ് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ കയറിന്റെ നാടായ ആലപ്പുഴയുടെ ചരിത്രം ഫോട്ടോകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. കയര്‍ കൊണ്ടുള്ള മരങ്ങള്‍ ഒരു വലിയ ചതുരത്തിനകത്ത് ഒരുക്കിയതാണ് അനിലാഷിന്റെ ഇന്‍സ്റ്റഷന്‍. അനില്‍ ബി. കൃഷ്ണ, പ്രമോദ് ഗോപാലകുമാര്‍, കമാല്‍ കാഞ്ഞിലാന്‍, രാജേഷ് പാട്ടുകുളം, അനീഷ് ജെ.എന്‍. ഹുസൈന്‍ എന്നിവരുടെ ഇന്‍സ്റ്റലേഷനുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. തൊണ്ട്, ചകിരി, ചിരട്ട, ഓല, ചകിരിച്ചോറ്, കൊതുമ്പ്, കയര്‍, തടുക്ക്, കയര്‍പായ, തെങ്ങിന്‍ തടി തുടങ്ങിയവ ഉപയോഗിച്ച് കേരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം.