ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സ്വാശ്രയ കര്‍ഷക സംഘങ്ങള്‍

post

വയനാട്  : സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങുമായി ജില്ലയിലെ വി.എഫ്.പി.സി.കെ കര്‍ഷകര്‍. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റ് കിട്ടിയ തുകയില്‍ നിന്നും  50,000 രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ  നിധിയിലേക്ക് കൈമാറിയാണ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിനൊപ്പം അണിനിരക്കുന്നത്. ജില്ലയിലെ 16 വി.എഫ്.പി.സി.കെ  സ്വാശ്രയ കര്‍ഷക സമിതികളുടെ നേതൃത്വത്തിലാണ് കര്‍ഷകരില്‍ നിന്നും തുക സമാഹരിച്ചത്. വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ എ.വിശ്വനാഥന്‍, കര്‍ഷക സമിതി പ്രസിഡന്റുമാരായ കെ.ടി കുഞ്ഞബ്ദുളള, റസാക്ക് കാക്കവയല്‍ എന്നിവര്‍ ചേര്‍ന്നാണ് തുക ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് കൈമാറിയത്.

      കോവിഡുമായി ബന്ധപ്പെട്ട ലോക്കഡോണ്‍ കാലയളവില്‍ വളരെയേറെ പ്രയാസങ്ങള്‍ അനുഭവിച്ച വിഭാഗമാണ് ജില്ലയിലെ പഴം പച്ചക്കറി കര്‍ഷകര്‍. അന്യ ജില്ലകളില്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യം കുറഞ്ഞതും വിലക്കുറവും വലിയ തിരിച്ചടിയായി. ഈ അവസരത്തില്‍ കര്‍ഷക സമിതികള്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും അധികം വന്ന ഉത്പന്നങ്ങള്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ വിപണികളില്‍ എത്തിച്ചു മെച്ചപ്പെട്ട വില ലഭ്യമാക്കാനും പരിശ്രമിച്ചു. മാര്‍ച്ച് 23  മുതല്‍ ഇതുവരെ ഇത്തരത്തില്‍ വിവിധ സ്വാശ്രയ കര്‍ഷക സമിതികള്‍  വഴി 503 ടണ്‍  പഴം പച്ചക്കറി കിഴങ്ങു ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ചു വിപണം നടത്തി. 94 ലക്ഷം  രൂപയാണ് ഇതിലൂടെ സമാഹരിക്കാന്‍ സാധിച്ചതെന്ന് വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ പറഞ്ഞു.