പച്ചക്കറി കൃഷിയില്‍ കഞ്ഞിക്കുഴിയുടേത് മികച്ച മാതൃക

post

10 ലക്ഷം തൈകളുടെ വിതരണോദ്ഘാടനം നടന്നു

ആലപ്പുഴ : നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഒരു പഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിച്ച് പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാമെന്നതിന് മികച്ച മാതൃകയാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പച്ചക്കറി വികസന വിപ്ലവമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 10 ലക്ഷം തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കഞ്ഞിക്കുഴിയിലേതുപോലെ വികേന്ദ്രീകൃത പച്ചക്കറി ഉല്‍പ്പാദനം സംസ്ഥാനത്തു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പച്ചക്കറി ഉല്‍പ്പാദന നഴ്‌സറികള്‍ സ്ഥാപിക്കും. പ്രാദേശികമായി തന്നെ പച്ചക്കറി ഉത്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശീലനവും സഹായങ്ങളും കുടുംബശ്രീ യൂണിറ്റുകള്‍, യുവാക്കള്‍, സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കാന്‍ കൃഷിഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതിമൂലമുള്ള നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ സ്മാര്‍ട്ട് എന്നുള്ള ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഈ ആപ്പിലൂടെ കൃത്യമായ കണക്കുകള്‍ പരിശോധിക്കും. മഴക്കെടുതിയില്‍ ഉണ്ടായിട്ടുള്ള നാശത്തിന നഷ്ടപരിഹാരം കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ റേഷന്‍ കാര്‍ഡ് എടുത്താല്‍ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 30000 പേര്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കിയത്. എന്നാല്‍ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നവരുടെ എണ്ണവുമായി നോക്കിയാല്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ എല്ലാകാര്യങ്ങളിലും കുറേക്കൂടി കൃത്യത പാലിക്കും. റേഷന്‍ സാധനങ്ങള്‍ക്കു കാര്‍ഡ് നിര്‍ബന്ധമാണ്. പ്രവാസികള്‍ കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിപണിയെ നിയന്ത്രിക്കാന്‍ പൊതു വിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് വിഭാഗം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു. 82. 2 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതുവരെ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തത്. പുതുതായി 17000 പുതിയ റേഷന്‍ കാര്‍ഡുകള്‍ 24 മണിക്കൂറിനുള്ളില്‍ കൊടുക്കാനും സാധിച്ചുവെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി പതിനെട്ട് വാര്‍ഡുകളിലായി കുടുംബശ്രീയുടെ അഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ രൂപീകരിച്ചാണ് കഞ്ഞിക്കുഴി പഞ്ചായത്തില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. പ്രത്യേകം നിര്‍മിച്ചിട്ടുള്ള മഴമറകളിലാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ഓരോ വാര്‍ഡിലും സര്‍വേ പ്രകാരമുള്ള സ്ഥലത്തിന്റെ വിസ്തീര്‍ണ അടിസ്ഥാനത്തിലാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ചടങ്ങില്‍ എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് എം. ജി രാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലതാ മേരി ജോര്‍ജ്, എ. ഡി. എ ഷീന, കൃഷി ഓഫീസര്‍ ജാനിഷ് റോസ് ജേക്കബ്, സെക്രട്ടറി എസ്. അനില്‍കുമാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു