കുതിപ്പിന്റെ 36 വര്‍ഷങ്ങള്‍ ; കാസര്‍കോടിനിത് ഇമ്മിണി ബല്യ വലിയ പെരുന്നാള്‍

post

കാസര്‍ഗോഡ് : 36 ന്റെ നിറവിലാണ് ഇന്ന്  കാസര്‍കോട്. 1984 മെയ് 24 നായിരുന്നു ജില്ലയുടെ പിറവി. തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമായുണ്ട് ജില്ലയ്ക്ക്. മുന്നോട്ടാണെങ്കില്‍ ഏറെ പ്രതീക്ഷകളും. ആരോഗ്യമേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയ കാസര്‍കോടന്‍ മാതൃകയും വിദ്യാഭ്യാസ, സാമ്പത്തീക മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങളിലൂടെ ഒരു തിര നോട്ടം. 

വിദ്യാഭ്യാസ നേട്ടങ്ങള്‍


കാസര്‍കോടിന്റെ പിറന്നാളില്‍ വിദ്യാഭ്യാസ രംഗത്തിനും പറയാന്‍ വിജയ കഥകളേറെയുണ്ട്.സപ്ത ഭാഷ സംഗമ ഭൂമിയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക്  കൃത്യമായ ഊന്നല്‍ നല്കിയപ്രവര്‍ത്തനങ്ങളാണ് ജില്ലയിലുട നീളം നടപ്പാക്കുന്നത്.സ്മാര്‍ട്ട് ക്ലാസ്റൂമുകളും മികച്ച സൗകര്യങ്ങളും ഇന്ന് ജില്ലയിലെ  സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ട്. മലയാളം, കന്നഡ. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും  കേന്ദ്രീയ വിദ്യാലയങ്ങളും പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയവും കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ നല്‍കുമ്പോള്‍ സാക്ഷരത മിഷന്റെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്നവരും അക്ഷര ലോകത്തേക്ക് എത്തുന്നു.സാക്ഷരത മിഷന്റെനികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ജില്ലയിലൊന്നാണ് കാസര്‍കോട്.

            ജില്ലയില്‍ എല്ലാ മേഖലകളിലും ഹൈസ്‌കൂളും ഹയര്‍സെക്കന്ററിയും  ഉണ്ട്. സ്‌കൂളുകളിലേക്കുള്ള ദൂരം കുറഞ്ഞത് കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ വിജയത്തിലേക്ക് അടുപ്പിച്ചു.വിവിധ വകുപ്പുകളുകളുടെ ഏകോപനത്തില്‍ പൊതുവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയ കാലത്ത് സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും കൂടി വന്നതോടെ വിദ്യാഭ്യാസ മോഖലയില്‍ ജില്ലയുടെ മുഖച്ഛായ മാറി. 2019 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലൂടെ സ്ഥിരം കലോത്സവ സങ്കല്‍പങ്ങളെ  പൊളിച്ചെഴുതി കേരളം ഒട്ടാകെ വാനോളം പുകഴ്ത്തിയ കാസര്‍കോടന്‍ സ്റ്റൈല്‍ കലോത്സവമാക്കി.ജില്ലയ്ക്കും വിദ്യഭ്യാസ മേഖലയ്ക്കും ചാര്‍ത്തിയ പൊന്‍തൂവലായിരുന്നു ഈ അംഗീകാരം.

           ഉന്നത വിദ്യാഭ്യാസ മേഖലയിലും ജില്ലയുടെ അതിവേഗം വളരുകയാണ്. കേന്ദ്ര സര്‍വകലാശാലയും ആയുര്‍വേദ മെഡിക്കല്‍ കോളേജും എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ കാസര്‍കോടിന് ഇടം നല്‍കുന്നു. ഇതില്‍ ഏറ്റവും പ്രധാനം ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍  അവസരങ്ങള്‍ ന്ല്‍കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയാണ്.കാസര്‍കോട് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി പെരിയയിലെ 310 ഏക്കറോടുകൂടിയ ക്യാമ്പസാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ ആസ്ഥാനം.ഇന്ന് മികച്ച ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ലഭ്യമാണ്.

            ജില്ലയില്‍ അഞ്ച്  സര്‍ക്കാര്‍ കോളേജുകളും മൂന്ന് എയ്ഡഡ് കോളേജുകളുമാണുള്ളത്. പ്രൊഫഷണ്‍ കോളേജുകള്‍ക്കും ജില്ലയില്‍ കുറവില്ല.   ഐ എച്ച് ആര്‍ ഡി എല്‍ ബിഎസ്  എഞ്ചിനീയറിങ് കോളേജുകള്‍, സ്വകാര്യ ഫാര്‍മസി കോളേജുകള്‍, മൂന്ന് നഴ്സിങ് കോളേജുകള്‍,  രണ്ട് എം.ബി.എ പഠന കേന്ദ്രങ്ങള്‍,  നാല് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍,  പി എന്‍ പണിക്കര്‍ ആയുര്‍വേദ കോളേജ് എന്നിങ്ങനെപോകുന്നു ജില്ലയിലെ ഉന്നത് വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍.

          കാസര്‍കോടുകാരുടെ മെഡിക്കല്‍ പഠന സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കുന്നതാണ് കാസര്‍കോട് മെഡിക്കല്‍ കോളേജ്. ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ താരമായ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഗവ. മെഡിക്കല്‍ മേഖലയിലെ വിദ്യാഭ്യാസവും സ്വന്തം മണ്ണില്‍ ലഭിക്കും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബിയിലുടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും ടെക്നിക്കല്‍ സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം ഗവണ്‍മെന്റ് കോളേജുകളിലും കിഫ്ബിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു.

ഓരോ തുള്ളിയും ചേര്‍ത്ത് വെച്ച് കാസര്‍കോട്; വരാനിരിക്കുന്നത് ജലസമൃദ്ധിയുടെ നാളുകള്‍


                കുടിവെള്ള ക്ഷാമത്തെ ഓര്‍മ്മകളിലേക്ക് തള്ളിവിടാനുള്ള ത്വരിത പരിപാടികളാണ് ജില്ലയില്‍ നടന്നു വന്നത്. കേരളത്തില്‍ ഏറ്റവും അധികം നദികള്‍ ഒഴുകുന്ന കാസര്‍കോടിന് വേനല്‍ക്കാലത്തെ അഭിമുഖീകരിക്കുക എന്നത് ഒരു വലിയ കടമ്പയായിരുന്നു. ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ജില്ലയുടെ ഭൂഗര്‍ഭ ജല നിരക്ക് ഉയരുന്ന പ്രവര്‍ത്തനങ്ങളാണ് നാളിതുവരേയും നാം കണ്ടത്.

             സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളെ പുനരുജ്ജീവിപ്പിക്കാനായി ഇനി ഞാന്‍ ഒഴുകട്ടെ എന്ന മികച്ച ക്യാമ്പയിനിങ് നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പൊതുജനങ്ങളും വിദ്യാര്‍ത്ഥികളുമടങ്ങിയ സമൂഹത്തിന്റെ ഉത്സാഹ പൂര്‍ണ്ണമായ പ്രവര്‍ത്തന ഫലമായി നാം നമ്മുടെ പുഴകളുടെ ജീവന്‍ തിരിച്ചെടുത്തു. പ്ലാസറ്റിക്ക് മാലിന്യങ്ങളും മറ്റും പൊതിഞ്ഞ പുഴ മുഴുവനായും പുഴനടത്തം സംഘടിപ്പിച്ച് ശുചീകരിച്ചു. ഇനി ഞാന്‍ ഒഴുകട്ടെ എന്ന പേരില്‍ നടത്തിയ പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനകീയ യജ്ഞമായി തീര്‍ന്നു.

        ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടന്ന ബാംബു ക്യാപ്പിറ്റല്‍ പദ്ധതിയും തടയണ ഉത്സവവും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഒരോ പുഴകളിലം തോടുകളിലും തടയണകള്‍ നിര്‍മ്മിച്ച് കാസര്‍കോട് മറ്റ് ജില്ലകള്‍ക്ക് മാതൃകയായി. സൗത്ത് ഇന്ത്യയില്‍ ഊട്ടിയില്‍ മാത്രം നിലവിലുള്ള റബ്ബര്‍ ചെക്ഡാം എന്ന ആശയവും കാസര്‍കോടിന് സ്വന്തം. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാനും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തില്‍ മികച്ച തടയണയായി അത് ഉപയോഗിക്കാനും ഉതകുന്ന വിധത്തില്‍ റബ്ബര്‍ ചെക്ഡാം എന്ന ആശയം പരീക്ഷിക്കുകയാണ് കാസര്‍കോട്.

         ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ ഉപയോഗിച്ച് ജല ദൗര്‍ലഭ്യം തടയാനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു.  തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിച്ചു, മഴക്കുഴികളും, മഴവെള്ള സംഭരണികളം നിര്‍മ്മിച്ചു, കിണര്‍ റീച്ചാര്‍ജ്ജിങ് വീടുകളിലെല്ലാം പ്രാവര്‍ത്തികമാക്കി, കയ്യാലകളും ബണ്ടുകളും നിര്‍മ്മിച്ചു.

       ഫെബ്രുവരി രണ്ടാം വാരം മുതല്‍ കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന കാസര്‍കോടിന് ഏറെ ആശ്വാസമായിരുന്നു ഈ വര്‍ഷം. വളരെ ശാസ്ത്രീയമായി വേനലെത്തുന്നതിനും ഒരുപടി മുന്നേ തന്നെ നാം കൂട്ടായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അത്.

           പിറവിക്കു ശേഷം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കാസര്‍കോട് കടന്നു പോകുന്നത്. കോവിഡ് തുടക്കത്തിലെ സ്ഥിരീകരിച്ച ജില്ലകളിലൊന്നാണ് നമ്മള്‍. എല്ലാവരെയും ആശങ്കയിലാഴ്ത്തി നാള്‍ക്കു നാള്‍ വര്‍ധിച്ചു വന്ന കോവിഡ് രോഗികളുടെ എണ്ണം ആദ്യ രണ്ടാം ഘട്ടത്തിലും പൂജ്യത്തിലെത്തിച്ച് ലോകത്തിന് പ്രതീക്ഷയേകുന്ന കാസര്‍കോടന്‍ മാതൃക തീര്‍ക്കാന്‍ നമുക്കായി.

36-ാം വയസില്‍ കാസര്‍കോടിന്റെ ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി 2020

  കോവിഡ് മഹാമാരി ലോകരാജ്യങ്ങളെ ആകെ പിടിച്ചുലയ്ക്കിക്കൊണ്ടിരിക്കുന്ന 2020 കാസര്‍കോട് ജില്ലയുടെ ആരോഗ്യ ഭൂപടത്തില്‍ വരുത്തിയ മാറ്റം വളരെ വലിയതാണ്. തറക്കല്ലിട്ട് കാലങ്ങളോളം കിടന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായത് ഈ കോവിഡ് കാലത്ത്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മെഡിക്കല്‍കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ മേഖലയില്‍ കാസര്‍കോടിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് തന്നെയാണ് 2020. ജില്ല രൂപീകരിച്ച് 36 വര്‍ഷം തികയുമ്പോഴുള്ള ഏറ്റവും അഭിമാനകരമായ നേട്ടം.

ജില്ലാ രൂപീകരണത്തിന് ആദ്യനാളുകളില്‍ കാഞ്ഞങ്ങാടും കാസര്‍ഗോഡും പ്രവര്‍ത്തിച്ചു വന്നിരുന്ന താലൂക്ക് ആശുപത്രികളിലും ചുരുക്കം ചില പഞ്ചായത്തുകളില്‍ മാത്രം ഉണ്ടായിരുന്ന ആരോഗ്യ കേന്ദ്രങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കാസര്‍കോടിന്റെ  പൊതുജനാരോഗ്യ സംവിധാനം ഇന്ന് കുടുംബ ക്ഷേമകേന്ദ്ര തലം തൊട്ട് മെഡിക്കല്‍ കോളേജ് വരെയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമായി മാറിയിരിക്കുന്നു. 53 ഓളം ആരോഗ്യസ്ഥാപനങ്ങളിലുടെ ഇന്ന് പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു.

           കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രി 1985 ല്‍  ജില്ലാ ആശുപത്രിയായി മാറ്റപ്പെടുകയും ഇന്ന് ഭൗതിക ചുറ്റുപാടുകളുടെ  സേവന മികവിന്റെയും  കാര്യത്തില്‍ ഇന്ത്യയിലെ തന്നെ  മികച്ച സ്ഥാപനമായി മാറുകയും ചെയ്തു. എന്‍.ക്യൂ.എ.എസ് പുരസ്‌കാരം, കായകല്പ പുരസ്‌കാരം എന്നിവ ലഭ്യമാകുകയും ദിവസേന ശരാശരി 1500 ആള്‍ക്കാര്‍ ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയില്‍ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളും  ഇന്ന് ലഭ്യമാണ്. 2019ല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് പ്രവര്‍ത്തന മികവിനാല്‍ ദേശീയ തലത്തില്‍ ലഭിക്കുന്ന കായകല്‍പ്പം അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ജില്ലാ ആശുപത്രിയാണ് കാസര്‍കോട്.  അടിസ്ഥാന സൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും പരിമിതികളുണ്ടെന്നിരിക്കിലും വലിയ പടവുകള്‍ താണ്ടിയിരിക്കുകയാണ് ജില്ലാ ആശുപത്രി. ഡെങ്കിപ്പനി പ്രതിരോധം, കാന്‍സര്‍ രോഗ ചികിത്സ എന്നിവയില്‍ ഏറെ പ്രാധാന്യമുള്ള രക്ത ഘടക വിഭജന യൂണിറ്റ് 2018 യില്‍  ജില്ലാശുപത്രിയില്‍ സ്ഥാപിച്ചു .അതുപോലെ കീമോതെറാപ്പിക്ക് അത്യന്താപേക്ഷിതമായ ബയോ സേഫ്റ്റി ക്യാബിന്‍ 2019 മുതല്‍ ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍ഗോഡ് താലൂക്ക് ആശുപത്രി 2008 മുതല്‍ ജനറല്‍ ആശുപത്രിയായി മാറ്റപ്പെട്ടു. വിവിധ സ്പെഷാലിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജനറലാശുപത്രിയില്‍ ദിവസേന ആയിരത്തിലധികം പേരാണ് ചികിത്സ തേടിയെത്തുന്നത്.

             കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പെരിയ സി.എച്ച്.സിയ്ക്കും കായകല്‍പ്പം അവാര്‍ഡ് ലഭിച്ചിരുന്നു. ചിട്ടയായതും ഗുണമേന്മയേറിയതുമായ ചികിത്സ ഉറപ്പു നല്‍കുന്ന ആരോഗ്യയ സ്ഥാപനങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ് ഇത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലൂടെയും സി.എച്ച്.സി പെരിയിലൂടെയും കാസര്‍കോട് പറഞ്ഞു വെക്കുന്നത് ഗുണമേന്‍മയേറിയ ചികിത്സ ഉറപ്പുവരുത്താന്‍ ജില്ല കാണിക്കുന്ന കരുതല്‍ തന്നെയാണ്.

           കേരള സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനിലൂടെ ആരോഗ്യമേഖലയ്ക്കാകെ പുതുജീവന്‍ ലഭിച്ചു. ടോക്കണ്‍ സിസ്റ്റവും പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തന നിലവാരവും ഒക്കെയായി പൊതു ആരോഗ്യരംഗത്തിന്റെ കെട്ടുംമട്ടും ആകെ മാരിമറിഞ്ഞു. മുറ്റത്ത് ഭംഗിയായൊരുക്കിയ പൂന്തോട്ടവും മികച്ച ടോക്കണ്‍ സിസ്റ്റവും പ്രായമായവര്‍ക്കും എന്റോസള്‍ഫാന്‍ ഇരകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം പ്രത്യേകം ഒ.പി സംവിധാനങ്ങളുമെല്ലാമായി പുതിയ പ്രവര്‍ത്തനങ്ങള്‍. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലേക്ക് സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞ ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയ്ക്ക് മികച്ച ആതുരാലയങ്ങള്‍ ലഭിച്ചു. ലക്ഷ്യ, ആര്‍ദ്രം പദ്ധതികള്‍ ആശുപത്രികളുടെ കെട്ടും മട്ടും മാറ്റിമറിച്ചു.

            കയ്യൂര്‍, കരിന്തളം, ഉദുമ, മുള്ളേരിയ, വോര്‍ക്കാടി, എണ്ണപ്പാറ, ചിറ്റാരിക്കാല്‍, ഉടുബുംതല, പള്ളിക്കര, അജാനൂര്‍, പാണത്തൂര്‍, നര്‍ക്കിലക്കാട്, മടിക്കൈ, ബായാര്‍, പടന്ന, തൈക്കടപ്പുറം,  തുരുത്തി, വലിയപറമ്പ, മാവിലാ കടപ്പുറം, മൊഗ്രാല്‍പുത്തൂര്‍, മംഗല്‍പാടി, ബള്ളൂര്‍, കുമ്പഡാജെ, ഓലാട്ട്, പുത്തിഗെ, ആനന്താശ്രമം, മൗക്കോഡ്, പെര്‍ള, ചട്ടഞ്ചാല്‍ തുടങ്ങി 29 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. പ്രൈമറി സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ വളരെ ശക്തമായി ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തട്ടുകളില്‍ സുഗമമായി നടക്കുന്നു.

            പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായുള്ള ദേശീയ ഗുണനിലവാര പരിശോധനയില്‍ 2019യില്‍ മൂന്നു സ്ഥാനങ്ങള്‍ നേടിയത് കാസര്‍കോട് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയിരുന്നു. കയ്യൂര്‍ ,കരിന്തളം, വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആണ് ഈ സ്ഥാപനങ്ങള്‍, നൂതനമായ ലാബ് സൗകര്യം, മെച്ചപ്പെട്ട നിരീക്ഷണ മുറികള്‍, ശിശുസൗഹൃദ രോഗപ്രതിരോധ കുത്തിവെപ്പ് മുറികള്‍, മികച്ച പാലിയേറ്റീവ് പരിചരണം ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇങ്ങനെ ആശുപത്രിയുടെ ഭൗതികസാഹചര്യങ്ങളില്‍  പ്രകടമായ അതിര്‍ത്തി പങ്കിടുന്ന ജില്ല എന്നര്‍ത്ഥത്തിലും അതിഥി സംസ്ഥാനക്കാരുടെ എണ്ണകൂടുതല്‍ കൊണ്ടും പകര്‍ച്ചവ്യാധി വ്യാപനം കൂടുതലായി കാണുന്നജില്ലയാണ്  കാസര്‍ഗോഡ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തന  മികവിനാല്‍ ഇതിനെ മറികടക്കുന്നതിന് സാധിച്ചിട്ടുണ്ട്.

            തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതുതായി ഡയാലിസിസ് കേന്ദ്രങ്ങള്‍ അനുവദിക്കുകയും പ്രവര്‍നമാരംഭിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി കാഞ്ഞങ്ങാട് പണി പുരോഗമിക്കുന്നു. ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നു. ഇന്ന്

11 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 29 കുടുംബാരോഗ്യ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 6 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ അഞ്ച് താലൂക്ക് ആശുപത്രികള്‍ എന്നിവയും നിലവില്‍ കാസര്‍കോടിനെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഭാഗമാണ്.

            കോവിഡ്  19  വ്യാപനം  സംസ്ഥാനത്ത് തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും  വിവിധ വകുപ്പുകളുടെയും സഹായ സഹകരണത്തോടെ രോഗവ്യാപനത്തെ പിടിച്ചു  കെട്ടുന്നതിനു കാസര്‍ഗോഡ് ആരോഗ്യ മേഖലക്കു സാധിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് മെഡിക്കല്‍ കോളേജിന്റെ സൗകര്യവും വിദൂരമായപ്പോള്‍ സര്‍ക്കാരിനെ നിര്‍ദ്ദേശപ്രകാരം അഞ്ചു ദിവസത്തിനുള്ളില്‍ 200 ബെഡ് ഉള്ള കോവിഡ് ഹോസ്പിറ്റല്‍ ആയി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് സജ്ജീകരിച്ചു വന്നത് ജില്ല കൈവരിച്ച മികച്ച നേട്ടം തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി രാംദാസ് പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളേജ്: ഒരു ദേശത്തിന്റെ സ്വപ്നം കര്‍മപഥത്തിലേക്ക്


  കാസര്‍കോട് ജില്ല രൂപീകരിച്ച് 36 വര്‍ഷങ്ങള്‍ തികയുമ്പോള്‍ കാലങ്ങളായി ഉന്നയിച്ചു വന്നിരുന്ന ഒരു ദേശത്തിന്റെ സ്വപ്നമാണ് അതിന്റെ പ്രവര്‍ത്തനപഥത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നത്. കാസര്‍കോട് ജില്ല അതിന്റെ യുവത്വത്തിലൂടെ മുന്നേറുമ്പോള്‍ നേരത്തേയുണ്ടായിരുന്ന പിന്നോക്കമെന്ന പതിവ് പല്ലവിയില്‍ നിന്നും ബാലാരിഷ്ടതകളെല്ലാം ഏറെക്കുറേ മാറ്റി ആരോഗ്യരംഗത്ത് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഈയൊരു ഘട്ടത്തില്‍ തന്നെയാണ് കാസര്‍കോടിന്റെ ചിരകാല സ്വപ്നമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാവുന്നത്. വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരത്തെയും മറ്റും സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും പിന്നീട് അത് ശീലമാവുകയും ചെയ്ത കാസര്‍കോട്ടുകാര്‍ക്ക് ജില്ലയില്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്നത് വിദൂരസ്വപ്നം മാത്രമായിരുന്നു.

            2012 മാര്‍ച്ചില്‍ ഭരണാനുമതി ലഭിച്ച മെഡിക്കല്‍ കോളേജിന് 2013 നവമ്പര്‍ 30നാണ് തറക്കല്ലിട്ടത്. പിന്നീട് വിവിധ കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നീണ്ടുപോവുകയായിരുന്നു. . നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം കഴിഞ്ഞ ജനുവരിയിലാണ് പൂര്‍ത്തിയാക്കിയത്. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 30 കോടി രൂപ ചെലവഴിച്ചിരുന്നു. കൂടാതെ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സും വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണത്തിനും 29.8 കോടി രൂപയും വികസന പാക്കേജില്‍ നിന്നും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജിലേക്ക് കുടിവെള്ള ശുദ്ധീകരണ പ്ലാന്റും കുടിവെള്ള സൗകര്യവും ഒരുക്കുന്നതിന് എട്ടുകോടി രൂപ  കാസര്‍കോട് വികസന പാക്കേജില്‍ നിന്നും കേരള  വാട്ടര്‍ അതോറിറ്റിക്ക് ് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിന്  കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് ഒന്‍പത് കോടി രൂപ ചെലവില്‍ ഉക്കിനടുക്ക മെഡിക്കല്‍കോളേജ് എല്‍ക്കാന റോഡും വികസിപ്പിച്ചു. മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിനുള്ള മുഗുമുണ്ട്യത്തടുക്കബജാന റോഡിനുള്ള 10 കോടി രൂപയുടെ  ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ലാന്റ് സ്‌കെയ്പ്പിങ്, മഴവെള്ള സംഭരണി, ഗേറ്റ് എന്നിവയുടെ നിര്‍മ്മാണത്തിനും ഫണ്ട് കണ്ടെത്തിട്ടുണ്ട്. കാന്റീന്‍, റെസിഡ്യന്‍ഷന്‍ കോപ്ലക്സ് നിര്‍മാണം, ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ അധിക പ്രവൃത്തി, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍, മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ പ്രവര്‍ത്തിക്കായി 227 കോടി രൂപയുടെ പ്രോപ്പോസല്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണവും  പൂര്‍ത്തിയായി വരുന്നു. 2018 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്  തുടക്കം കുറിച്ചത്

ഉദ്ഘാടനമില്ല, നേരിട്ട് പ്രവര്‍ത്തനത്തിലേക്ക്

കോവിഡ് പ്രതിസന്ധിക്ക് മുമ്പ് മാര്‍ച്ച് 14ന് തന്നെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു. അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയുമായിരുന്നു. പിന്നീട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നാല് ദിവസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഔപചാരിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ നാടനുഭവിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍  നേരിട്ട് പ്രവര്‍ത്തന പഥത്തിലേക്കിറങ്ങുന്ന അപൂര്‍വതയുമായാണ് മെഡിക്കല്‍  കോളേജ് പ്രവര്‍ത്തനമാരംഭിച്ചത്. പുരോഗമിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ ആദ്യഘട്ടം സെപ്തംബറോടെ പൂര്‍ത്തായാകുമെന്ന് ദേശീയ ആരോഗ്യ പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. കൊറോണ പ്രതിസന്ധി ഘട്ടം കഴിഞ്ഞാല്‍ ജനറല്‍ ഒപി, പ്രത്യേക ഒപികള്‍ തുടങ്ങിയവ ആരംഭിക്കും. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്താന്‍ സാധിക്കും. ഇത് വരെ 45 കോവിഡ് ബാധിതരെയാണ് മെഡിക്കല്‍ കോളേജില്‍  പ്രവേശിപ്പിച്ചതെന്നും നിലവില്‍ 20 പേര്‍ ചികിത്സ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലക്ക് പ്രതിരോധ വലയം തീര്‍ക്കുന്ന മെഡിക്കല്‍ കോളേജ് ഒരു ജനതയുടെ സ്വപ്സാക്ഷാത്കാരമാണ്. ഇത്തിരി വൈകിയാണെങ്കിലും ജില്ലയുടെ 36ാം വാര്‍ഷികത്തില്‍ എത്തി തുടക്കത്തില്‍ തന്നെ കോവിഡിനെതിരേ രക്ഷാ കവചം തീര്‍ത്ത് ഒരു സമൂഹത്തിന് സുരക്ഷയൊരുക്കുന്ന മെഡിക്കല്‍ കോളേജ് ഒരുപാട് പ്രതീക്ഷകളാണ് നല്‍കുന്നത്.

എന്‍ഡോസള്‍ഫാന്‍: കണ്ണീരൊപ്പാന്‍ 283 കോടി രൂപയിലധികം ചെലവഴിച്ചു


   ജില്ലയുടെ നാള്‍വഴികളില്‍ കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന ഒരു കീടനാശിനി ദുരന്തഓര്‍മയുടെ പ്രതീകമായത് കാസര്‍കോടിന്റെ ചരിത്രത്താളുകളിലെ ഹൃദയവേദനയായാണ് പരിണമിച്ചത്. അശാസ്ത്രീയമായി പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി വലിയൊരു വിഭാഗം ജനത്തെയാണ് ദുരിതത്തിലാക്കിയത്. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണമായ ഇടപെടലുകളാണ് നടത്തിയത്. ഇതിനായി വിവിധ ഘട്ടങ്ങളില്‍ വലിയ തുകയാണ് ചിലവഴിച്ചത്. പ്രതിസന്ധിയിലായ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഫെബ്രുവരി വരെ സര്‍ക്കാര്‍ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് പ്രകാരം സാമ്പത്തിക സഹായമായി 171.10 കോടി രൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, 201920 നവംബര്‍ വരെയുള്ള പെന്‍ഷന്‍, ആശ്വാസ കിരണം, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് 88.39 കോടിയും വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. ഇത് കൂടാതെ ഈ മാസം മാത്രം ജില്ലാ കളക്ടറുടെ ഫണ്ടില്‍ നിന്ന് ദുരിതബാധിതരുടെ ചികിത്സയ്ക്കും മരുന്നിനുമായി രണ്ട് കോടി രൂപയും ലഭ്യമാക്കിയിരുന്നു. നിലവില്‍ 6728 ദുരിതബാധിതരാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളത്. കിടപ്പ് രോഗികള്‍ 371, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ 1499, ഭിന്നശേഷിക്കാര്‍ 1189, അര്‍ബുദരോഗികള്‍ 699, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരം തിരിച്ചിട്ടുള്ളത്.

    ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഒരോന്നായി യാഥാപ്പാടി മുതല്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി കടലാസ്സില്‍ മാത്രം ഒതുങ്ങിയിരുന്ന ദേശീയപാത യാഥ്യാര്‍ഥ്യമാകാന്‍ പോകുന്നു. ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുറെ നല്ല് പ്രതീക്ഷകളുമായാണ് ജില്ല 36 ല്‍ നില്‍ക്കുന്നത്.

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഒരോന്നായി  കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി  യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി കടലാസ്സില്‍ മാത്രം ഒതുങ്ങിയിരുന്ന ദേശീയപാത വികസനം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ജൂണില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തലപ്പാടി മുതല്‍ ചെങ്കള വരെയും  പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ചെങ്കള  നീലേശ്വരം റീച്ചില്‍ ദേശീയപാതാ വികസനത്തിനും അനുമതിയായിട്ടുണ്ട്. കോവിഡ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുറെ നല്ല പ്രതീക്ഷകളുമായാണ് ജില്ല 36 ല്‍ നില്‍ക്കുന്നത്.