കനത്ത സുരക്ഷാ മുന്‍കരുതലില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി

post

തിരുവനന്തപുരം : ലോക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ രാവിലെ 9.45 നും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസര്‍ നല്‍കുകയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവര്‍ക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂള്‍ കവാടത്തിനടുത്ത് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും കുട്ടികള്‍ക്ക് നല്‍കി. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കാനോ ചേര്‍ന്നിരിക്കാനോ അനുവദിക്കാതെ ക്ലാസ് റൂമുകളിലേക്ക് പോകാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയും എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നവരെയും പ്രത്യേകം ഗേറ്റുകളിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.  പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചു. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ക്ലാസ് റൂമും പരിസരവും അണു നശീകരണം നടത്തിയിരുന്നു.പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം മുഴുവന്‍ സമയവും ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി., ജെ.ആര്‍.സി.എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ സേവനവും പരീക്ഷ സമയം മുഴുവന്‍ സ്‌കൂളില്‍ ഉറപ്പു വരുത്തി. സ്‌കൂള്‍ ബസിലും രക്ഷാകര്‍ത്താക്കള്‍ നേരിട്ടുമാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്. ആയിരത്തിലധികം വിദ്യാര്‍ത്ഥിനികള്‍  പരീക്ഷ എഴുതുന്ന കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നഗരസഭ മേയര്‍ കെ.ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവര്‍ സ്‌കൂളിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തി.