ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ (മെയ് 29) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആറു പേര്‍ വിദേശത്തു നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന്  കുവൈത്തില്‍ നിന്നുള്ള ഐഎക്സ് 790 വിമാനത്തിലെത്തിയ മൊറാഴ സ്വദേശി 32കാരി, 20ന് റിയാദില്‍ നിന്നുള്ള എഐ 1912 വിമാനത്തിലെത്തിയ കതിരൂര്‍ സ്വദേശി 55കാരന്‍, ദുബൈയില്‍ നിന്നുള്ള ഐഎക്സ് 1746 വിമാനത്തില്‍ 26നെത്തിയ കരിവെള്ളൂര്‍ സ്വദേശി 30കാരന്‍, 27നെത്തിയ പന്ന്യന്നൂര്‍ സ്വദേശി 27കാരി, കൊച്ചി വിമാനത്താവളം വഴി മെയ് 15ന് എഐ 964 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി 29കാരി, 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.

മെയ് 16നാണ് മട്ടന്നൂര്‍ സ്വദേശി 35കാരന്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.