18 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

post

കാസര്‍ഗോഡ് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 1800 ലക്ഷം രൂപയുടെ സുഭിക്ഷ കേരളം പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു സുഭിക്ഷ കേരളം പദ്ധതി വിശദീകരിച്ചു.  ജില്ലയെ  ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്നതിന് പശ്ചാത്തലമേഖലയിലെ വികസന പദ്ധതികള്‍ ഭേദഗതി ചെയ്താണ് സുഭിക്ഷ കേരളം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. 38 ഗ്രാമപഞ്ചായത്തുകളും ആറ് ബ്ലോക്കുപഞ്ചായത്തുകളും മൂന്ന് മുന്‍സിപാലിറ്റികളും ജില്ലാ പഞ്ചായത്തും ഉള്‍പ്പടെ 48 തദ്ദേശസ്ഥാപനങ്ങളുടെ 316 പ്രൊജക്ടുകളിലായി 1800 ലക്ഷം (18 കോടി) രൂപയുടെ ഭേദഗതി പ്രൊജക്ടുകളാണ് അംഗീകരിച്ചത്. നേരത്തേ അംഗീകരിച്ച 234 പ്രോജക്ടുകള്‍ ഭേദഗതി ചെയ്തും 136 പ്രൊജക്ടുകള്‍ ഒഴിവാക്കിയുമാണ് 316 സുഭിക്ഷ കേരളം പദ്ധതികള്‍ അംഗീകാരം നേടിയത്. തരിശ് ഭൂമിയില്‍ നെല്‍കൃഷി , പച്ചക്കറി കൃഷി, മുട്ട കോഴി വളര്‍ത്തല്‍ :മത്സ്യകൃഷി, ഇടവിള കൃഷി വ്യാപനം, കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി, വാഴകൃഷി, ടെറസ്സിലും വീട്ടുമുറ്റത്തും പച്ചക്കറി, കൃഷി ഫലവര്‍ഗവിളകളുടെ തൈവിതരണം എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഉല്പാദന മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ കാര്‍ഷിക വികസന മൃഗസംരക്ഷണ പദ്ധതികള്‍ക്ക് പുറമേയാണിത്. യോഗത്തില്‍   ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് ഡി പി സി അംഗങ്ങളായ അലി ഹര്‍ഷാദ് വൊര്‍ക്കാടി, ഷാനവാസ് പാദൂര്‍, എം.നാരായണന്‍, പി.വി. പത്മജ പുഷ്പ അമേക്കള, വിപി ജാനകി ,എ എ ജലീല്‍, ഡി പി സി സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വീണാറാണി, എഡി സി ജനറല്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്  തുടങ്ങിയവര്‍ പങ്കെടുത്തു.