ആറന്മുള മണ്ഡലത്തെ തരിശുരഹിതവും കൃഷിയില്‍ സ്വയംപര്യാപ്തവുമാക്കും: വീണാ ജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട : ആറന്മുള മണ്ഡലത്തെ തരിശുരഹിതവും കൃഷിയില്‍ സ്വയംപര്യാപ്തവുമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഓമല്ലൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഓമല്ലൂര്‍ പഞ്ചായത്തിലെ പുത്തന്‍ പീടികയിലുള്ള ഒരേക്കറോളം വരുന്ന സ്ഥലം അനുയോജ്യമാക്കിയാണ് കൃഷി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്ഥലം കൃഷിയോഗ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പാവല്‍, പടവലം, മുളക്, വെണ്ട, ചേന തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കാര്‍ഷിക ഗ്രാമമായ ഓമല്ലൂര്‍ പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി15 ഹെക്ടറില്‍ കൂടി കൃഷി ചെയ്യുന്നതിന് ഉദ്ദേശിക്കുന്നു. നിലവില്‍ 6.4 ഹെക്ടര്‍ കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ വാഴകൃഷി രണ്ടു ഹെക്ടര്‍, കിഴങ്ങ് വര്‍ഗങ്ങള്‍ മൂന്നു ഹെക്ടര്‍, പയറുവര്‍ഗങ്ങള്‍ നാലു ഹെക്ടറുമാണ്  കൃഷി ചെയ്തിരിക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ 5111 പച്ചക്കറി വിത്തുകള്‍ കൃഷി ഓഫീസ് മുഖേന വിതരണം ചെയ്തു. നെല്‍ കൃഷി കഴിഞ്ഞ വര്‍ഷം 21 ഹെക്ടറോളം ചെയ്യുന്നതിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം കൃഷി ചെയ്യുന്നതിന് അനുയോജ്യമായ 85 ഹെക്ടര്‍ ഭൂമിയില്‍  10 ഹെക്ടറില്‍ സെപ്റ്റംബര്‍ മാസത്തോടു കൂടി നെല്‍ കൃഷി ആരംഭിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. 75 ഹെക്ടറോളം ഇനിയും ഉപയുക്തമാക്കാന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി പതിനായിരം തൈകളോളം കൃഷി ഓഫീസ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് കൃഷി ഓഫീസുമായി ബന്ധപ്പെടാമെന്നും എംഎല്‍എ പറഞ്ഞു.

ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വൈസ് പ്രസിഡന്റ് പി.എസ്. തോമസ്, വാര്‍ഡ് മെമ്പര്‍മാരായ സി.കെ. ഷൈനു, പി.കെ. ജയശ്രീ, കെ. അമ്പിളി, വി .ജി. ശ്രീവിദ്യ, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്‍ഡ് കോഓര്‍ഡിനേറ്റര്‍ ഷീല , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ്. മാലിനി, കൃഷി ഓഫീസര്‍ ജാനറ്റ് ഡാനിയേല്‍, ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കുമ്പഴയേത്ത് വീട്ടില്‍ ജോഷിയാണ് കൃഷി ചെയ്യുന്നതിനായി ഭൂമി വിട്ടു നല്‍കിയത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കഫേ യൂണിറ്റിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.