എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണത്തിന് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം

post

ആലപ്പുഴ: ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി കേസുകള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റുു വകുപ്പുകളും സംയുക്തമായി രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത സമിതി യോഗം തീരുമാനിച്ചു. ജില്ലാകലക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിരുന്നു യോഗം. എലിപ്പനി 42 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും ഉണ്ടായി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയുടെ ഭീഷണി തടയുന്നതിന് കാര്യമായ ഇടപെടല്‍ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തണം. വയലാര്‍, പള്ളിപ്പുറം, തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക് , ചേര്‍ത്തല മുനിസിപ്പാലിറ്റി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നിവ ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ ആണ്. എലിപ്പനിയുടെ കാര്യത്തില്‍ ഏപ്രില്‍ വരെ അങ്ങിങ്ങായി മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ മെയ് മുതല്‍ ഇത് വര്‍ധിച്ചിട്ടുണ്ട്. കരുവാറ്റ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക് ,കഞ്ഞിക്കുഴി ,ചേപ്പാട് എന്നിവിടങ്ങളില്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി യോഗത്തില്‍ പറഞ്ഞു. മലേറിയ നാല് കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

ഓരോ പി എച്ച് സി യിലെയും ഒരു ജീവനക്കാരനെ അതിന്റെ പരിധിയിലെ കോവിഡ് ഇതര രോഗങ്ങളുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കൂടുതലായി കണ്ടെത്തിയ പഞ്ചായത്തുകളില്‍ അടുത്തുള്ള പി എച്ച്. സി കളില്‍ നിന്നുള്ള കൂടുതല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹകരണവും ഇതിനായി ഉറപ്പുവരുത്തി.

തൊഴിലുറപ്പ് തൊഴിലാളികളും മറ്റും കൂടുതല്‍ ബോധവാന്മാരായി ഗുളിക ഉള്‍പ്പടെ ഉപയോഗിക്കുന്നതിനാല്‍ അവര്‍ക്കിടയില്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍, വാഹനങ്ങള്‍ കഴുകുന്നവര്‍, പുല്ലു പറിക്കാന്‍ പോകുന്നവര്‍ തുടങ്ങിയവര്‍ രോഗബാധിതരാകുന്ന സാഹചര്യമുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും മറ്റും പ്രാധാന്യം നല്‍കണം. ഫോഗിങ്ങും സ്രോതസ്സ് നശീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിന് നഗരസഭകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി ശുദ്ധമായ കുടിവെള്ളം എത്തുന്നു എന്ന് ഉറപ്പുവരുത്തണം.

വാര്‍ഡു തല ആരോഗ്യ ശുചിത്വ പോഷണ സമിതി ചേരുകയും രണ്ടുപേരടങ്ങുന്ന സ്‌ക്വാഡ് വീടുകള്‍ തോറും പരിശോധന ഉറപ്പാക്കണം. മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍ക്കായി ശുചിത്വ മിഷന്‍ പഞ്ചായത്തുകള്‍ക്ക് 25000 രൂപ ഓരോ വാര്‍ഡിനും നല്‍കിയതായി ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടാതെ മാര്‍ക്കറ്റുകളില്‍ ശുചിത്വ സന്ദേശം എത്തിക്കുകയും സാനിറ്റൈസര്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡ്രൈ ഡേ ആചരണം കുറേക്കൂടി ഗൗരവത്തോടെ കാണണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച കുടുംബങ്ങളിലും ഡ്രൈ ഡേ ആചരിക്കാന്‍ എല്ലാവരും ശ്രമിക്കണം.

ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ അടിയന്തരമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്ത് തുടര്‍ നടപടികള്‍ എടുക്കും. ലേബര്‍ ഓഫീസും വിവിധ വകുപ്പുകളുടെ പ്രതിനിധികളും ചേര്‍ന്ന് അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. മുനിസിപ്പല്‍ ഏരിയകളില്‍ സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും റോഡരികും വൃത്തിയാക്കണം. ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്കകം നല്‍കാന്‍ ജില്ല കളക്ടര്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ഡി.എം.ഓയെക്കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , തദ്ദേശ സ്ഥാപന പ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.