കണ്ണിമ പൂട്ടാത്ത ജാഗ്രത: സുരക്ഷയൊരുക്കി ആര്‍.എ.എഫ്

post

പത്തനംതിട്ട: നീല നിറമണിഞ്ഞ യൂണിഫോമും ധരിച്ച് തിരുമുറ്റത്തും പരിസരത്തും ആയുധങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന സേനയെ കണ്ടാല്‍ ആദ്യം ആരുമൊന്ന് ഭയക്കും. സുരക്ഷയൊരുക്കുന്നതൊടൊപ്പം കരുതലിന്റെ കരങ്ങളുമായി അയ്യപ്പഭക്തരെ സഹായിക്കുന്നത് കാണുമ്പോള്‍ പിന്നെ കൗതുകവും. ഇത് പുണ്യദര്‍ശനം തേടിയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കാന്‍ നിതാന്ത ജാഗ്രതയില്‍ നില്‍ക്കുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്. 250 ഓളം പേരാണ് ശബരിമലയിലും പമ്പയിലും ഏതൊരു അടിയന്തര സാഹചര്യവും നേരിടാന്‍ ചങ്കുറപ്പിച്ച് നില്‍ക്കുന്നത്. 

കേന്ദ്ര സേനയായ സിആര്‍പിഎഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നാണ് സുരക്ഷാ പ്രവര്‍ത്തനത്തിനായി ഇവരെത്തിയിരിക്കുന്നത്. ഇവരെ നയിക്കുന്നത് പാലക്കാട് സ്വദേശിയും മലയാളിയുമായ ഡെപ്യൂട്ടി കമാന്‍ഡര്‍ ജി. ദിനേഷാണ്. ഇദ്ദേഹത്തിന് തന്നെയാണ് സന്നിധാനത്തെയും പമ്പയിലേയും സുരക്ഷാ ചുമതല. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഇരുപത്തിനാല് മണിക്കൂറും നിതാന്ത ജാഗ്രതയിലാണ് സേന. 

നാല്‍പത് പേരാണ് ഒരേ സമയം ഡ്യൂട്ടിയിലേര്‍പ്പെടുന്നത്. സോപാനം, തിരുമുറ്റം, പാണ്ടിത്താവളം, മരക്കൂട്ടം, വടക്കെനട എന്നിവിടങ്ങളിലാണ് ഇവരെ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. വി.ഐ.പി. വഴികളിലും സുരക്ഷ ശക്തമാണ്. ഇരുട്ടില്‍ കൃത്യമായി ആളുകളെ തിരിച്ചറിയാനുളള നൈറ്റ് വിഷന്‍ സംവിധാനങ്ങളോടെയാണ് കാനന പാതകളില്‍ നിരീക്ഷണം. മനശാസ്ത്രപരമായ സമീപനമാണ് സുരക്ഷാ നിരീക്ഷണത്തിന് സേന ഉപയോഗിക്കുന്നതെന്ന് ഡെപ്യൂട്ടി കമാന്‍ഡര്‍ പറയുന്നു. പതിനെട്ടാം പടിക്ക് സമീപത്തായി വളരെ ഉയരത്തില്‍ തയ്യാറാക്കിയ ടവറുകളില്‍ നിന്നും തിരുമുറ്റതെ ഓരോ ചലനങ്ങളും വീക്ഷിച്ച് നില്‍കുന്നതും ആര്‍.എ.എഫ്. ഭടന്‍മാരാണ്. ഇതോടൊപ്പം ആറോളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സന്നിധാനത്തും പരിസരത്തുമായി കണ്ണും കാതും തുറന്നിരിപ്പുണ്ട്. 

സുരക്ഷാ ചുമതലയുളള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം കോര്‍ഡിനേഷന്‍ നടത്തിയാണ് സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡര്‍ ജി. ദിനേഷിന്റെ നേതൃത്വത്തില്‍ ആര്‍.എ.എഫ്. ഭടന്‍മാര്‍ കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ പാലക്കാട് ജില്ലയില്‍ നടത്തിയ അതീവ ദുഷ്‌ക്കരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ മികവിന് സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ പ്രത്യേക മെഡല്‍ നല്‍കിയാണ് ഇവരെ ആദരിച്ചിരുന്നത്. സി.ആര്‍.പി.എഫ്. ഭടന്‍മാരില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്തവരാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നത്.