ജീവിതമാണ് ലഹരി : ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ജനമൈത്രി പോലീസ്

post

പത്തനംതിട്ട: വിദ്യാര്‍ഥി സമൂഹത്തെയും യുവജനങ്ങളെയും വഴിവിട്ട ചിന്താഗതിയില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്നും മുക്തരാക്കുന്നതിനും ഇന്റര്‍നെറ്റ്  അടിമത്തത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും മികച്ച ആരോഗ്യനിലയില്‍ ജീവിതം നയിക്കുന്നതിനും സഹായകമായ പരിപാടികളുമായി ജനമൈത്രി പോലീസ്. പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അടൂരില്‍ തുടക്കമായി. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള 16 ടീമുകളെ പങ്കെടുപ്പിച്ച് രണ്ടു ദിവസമായി അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലും തപോവന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍ നടക്കുക.

ജനമൈത്രി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് നിര്‍വഹിച്ചു. പോലീസ് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്ക് പുറമേ പോലീസ് ഉദ്യോഗസ്ഥരും വയോജനങ്ങളും ജനമൈത്രി സമിതി അംഗങ്ങളും അഭിഭാഷകരും ചേര്‍ന്നുള്ള സൗഹൃദ മത്സരങ്ങളും അരങ്ങേറും. യുവാക്കളും കുട്ടികളും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍ ആണെന്നും ആരോഗ്യപൂര്‍ണമായ ജനത നാടിന് മുതല്‍ക്കൂട്ട് ആവണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ജി. മനോജ് അധ്യക്ഷത വഹിച്ചു.  അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി ബോബി മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്, നിസാര്‍, പ്രശാന്ത്, സൈമണ്‍ അലക്‌സാണ്ടര്‍, കോടിയാട്ട് രാമചന്ദ്രന്‍, പ്രദീപ്, അനൂപ് ഭദ്രന്‍, ഹര്‍ഷകുമാര്‍, തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അനുരാഗ് മുരളീധരന്‍, ഫിറോസ് കെ. മജീദ് എന്നിവര്‍ മത്സരങ്ങള്‍ ക്രമീകരിച്ചു.  സൈബര്‍ സുരക്ഷയുടെ ഭാഗമായി എസ്പിസി  കേഡറ്റുകള്‍ക്കും ജനമൈത്രി സമിതി യൂത്ത് വിംഗ് അംഗങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ജില്ലാ പോലീസ് മേധാവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടന മത്സരം തണ്ണിത്തോട് പുളിക്കീഴ് പോലീസ് സ്റ്റേഷനുകള്‍ തമ്മിലായിരുന്നു. തുടര്‍ന്ന് ഏനാത്തും പന്തളവും  തമ്മിലും പത്തനംതിട്ടയും ഇലവുംതിട്ടയും തമ്മിലുള്ള മത്സരങ്ങളും നടന്നു.