ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ: ആനന്ദ്

post

തിരുവനന്തപുരം: പ്രതിസംസ്‌കാരമാകുന്ന ഇരുട്ടിനോട് പൊരുതാന്‍ മറ്റൊരു ഇരുട്ടിന് കഴിയില്ലെന്നും അതിന് സംസ്‌കാരമാകുന്ന വെളിച്ചം തന്നെ വേണമെന്നും ആനന്ദ്. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെട്ട ജീവിതത്തിനായി, സ്വാതന്ത്ര്യത്തിനായി, തുല്യതയ്ക്കായി ഇവയെല്ലാം നിഷേധിക്കപ്പെട്ട ജനവിഭാഗം നടത്തുന്ന പോരാട്ടങ്ങളാണ് സംസ്‌കാരം എന്ന പ്രതിഭാസത്തിന് ജന്മം നല്‍കുന്നത്. ഇങ്ങനെ ഉയര്‍ന്നുവരുന്ന സംസ്‌കാരത്തെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയുമാണ് ബുദ്ധിജീവികള്‍ അല്ലെങ്കില്‍ കലാകാരന്മാര്‍ ചെയ്യുന്നത്. മേലേ തട്ടിലിരുന്ന് താഴെ തട്ടില്‍ നടക്കുന്ന ആ വലിയ പ്രതിഭാസത്തിന്റെ ലിവര്‍ ഓപ്പറേറ്റ് ചെയ്യുന്ന വെറും മെക്കാനിക്കുകള്‍ മാത്രമായ നമ്മള്‍ പലപ്പോഴും ആ ലിവര്‍ തെറ്റായി തിരിക്കുക കൂടി ചെയ്യാറുണ്ട്. സംസ്‌കാരം എന്നത് മൂല്യങ്ങള്‍ സൃഷ്ടിക്കുന്ന യാത്ര മാത്രമല്ല. ആ മൂല്യങ്ങളെ സാക്ഷാത്കരിക്കുവാന്‍ ചില ഉപകരണങ്ങള്‍ കണ്ടെത്തുക കൂടിയാണ്. ഈ മൂല്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മൂല്യ സൃഷ്ടിയെ ജീവിപ്പിച്ച് നിര്‍ത്തേണ്ടതും നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മറ്റ് ജീവജാലങ്ങള്‍ പ്രകൃതി കൊടുത്ത ജന്മവാസന കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ മനുഷ്യന്‍ സ്വന്തം ജീവിതം സ്വയം കെട്ടിപ്പടുക്കണമെന്നും മുന്നോട്ട് പോകണമെന്നും ആഗ്രഹിച്ചവരാണ്. അങ്ങനെ സമൂഹമുണ്ടാക്കുകയും ജൈവിക പരിണാമത്തിന് അപ്പുറത്തായി സാമൂഹിക പരിണാമം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സമൂഹത്തില്‍ നിന്ന് വ്യക്തികളുണ്ടായി. വ്യക്തികളും സമൂഹവും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ നിന്ന് നീതിബോധം ഉള്‍പ്പടെയുള്ള ചിന്തകളുണ്ടായി. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പ്രധാന നടന്മാരായി വരുന്നത് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇന്ന് നമ്മുടെ നാട്ടിലുള്ള പ്രധാന കക്ഷികളില്‍ പലര്‍ക്കും അവരുടെ കര്‍ത്തവ്യമെന്താണെന്നതിനെക്കുറിച്ച് വ്യക്തതയില്ല. പലപ്പോഴും സംസ്‌കാരത്തോടുള്ള അവരുടെ ഉത്തരവാദിത്തം പലപ്പോഴും നിറവേറ്റുന്നത് ഒരു സാംസ്‌കാരിക വകുപ്പ് സൃഷ്ടിച്ചുകൊണ്ടാണ്. അത് സംസ്‌കാരം എന്ന വ്യക അര്‍ത്ഥത്തില്‍ നിന്നും കല, സാഹിത്യം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് മാത്രമായി ചുരുങ്ങി നില്‍ക്കുന്ന ഒന്നായി.

സംസ്‌കാരത്തിന്റെ യാത്ര ഒരിക്കലും സുഗമമല്ല. അതിനൊപ്പം പ്രതിസംസ്‌കാരം അഥവാ വിരുദ്ധ സംസ്‌കാരം എപ്പോഴും ഉണ്ടാകും. അത് സംസ്‌കാരമുണ്ടാക്കുന്ന മൂല്യങ്ങളെയെല്ലാം നശിപ്പിക്കും. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇതാണ് സംഭവിക്കുന്നന്നും പുതിയ വിത്ത് പാകേണ്ട കൃഷിഭൂമിയെ തരിശുഭൂമികളായോ ശവപ്പറമ്പുകളായോ മാറ്റുകയാണ് ഉന്നതങ്ങളില്‍ ഉള്ളവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇന്ന് രാജ്യത്ത് നടക്കുന്നത് ആശാവഹമായ കാര്യമാണ്. അധികാര രാഷ്ട്രീയത്തില്‍ നിന്നുള്ളവരല്ല മറിച്ച് പൊതുജനങ്ങളാണ് ചില മൂല്യങ്ങളുടെ പേരില്‍ പ്രകടനം നടത്തുന്നത്. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇത്തരമൊരു മുന്നേറ്റം പ്രതീക്ഷ നല്‍കുന്ന ഒന്നാണന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിന്റെ പൂര്‍ണരൂപം കാണാം:- https://youtu.be/anand.speech