ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

post

തിരുവനന്തപുരം : കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാല്‍  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ജാഗ്രത തുടരാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

2020 ഓഗസ്റ്റ് 10 : കാസറഗോഡ്, കണ്ണൂര്‍, വയനാട്,കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍  അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍  വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ പ്രതിദിന മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച  മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കണം.

2020 ഓഗസ്റ്റ് 10 :  തൃശൂര്‍,  മലപ്പുറം.

2020 ഓഗസ്റ്റ് 11  : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

നദികളില്‍ ശക്തമായ ഒഴുക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. 

ശക്തമായ ഒഴുക്കുള്ള ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ ആവശ്യമായ ജാഗ്രത തുടരേണ്ടതാണ്.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. 

ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.