കാഡ്‌കോയുടെ അഞ്ചാമത് ശാഖയ്ക്ക് ഇരിണാവില്‍ തുടക്കമായി

post

കണ്ണൂര്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു 

കണ്ണൂര്‍: കൊവിഡ് 19ന്റെ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉത്പാദനത്തിലും വിതരണത്തിലും മെച്ചപ്പെട്ട മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (കാഡ്‌കോ) അഞ്ചാമത് ശാഖയായ കണ്ണൂര്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് ഇരിണാവില്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്ക വിഭാഗക്കാര്‍ക്ക് സ്വയംതൊഴിലിനും ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുമായി വളരെ ചെറിയ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണ് കാഡ്‌കോയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 35 കോടി രൂപയുടെ വിറ്റുവരവും ഒരു കോടി രൂപയുടെ ലാഭവും വ്യത്യസ്ത പദ്ധതികളിലൂടെ കാഡോകോ നേടിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ കൈത്തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരുടെ പുരോഗതിക്കും ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും കാഡ്‌കോയുടെ ഓഫീസ് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ്് പി പി ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വിപ്രീത, വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി പി ഷാജിര്‍, കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, മാനേജിംഗ് ഡയറക്ടര്‍ കെ ജി അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.