കീഴ്‌വായ്പൂര് ഗവ:ആയുര്‍വേദ ആശുപത്രി ഉദ്ഘാടനം ചെയ്തു

post

43 കോടി രൂപ ചിലവില്‍ മല്ലപ്പള്ളിയില്‍ അത്യാധുനിക താലൂക്ക് ആശുപത്രി നിര്‍മ്മിക്കും

പത്തനംതിട്ട : 43 കോടി രൂപ ചിലവില്‍ അത്യാധുനിക രീതിയില്‍ മല്ലപ്പള്ളിയില്‍ താലൂക്ക് ആശുപത്രി നിര്‍മ്മിക്കുമെന്ന് മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കീഴ്‌വായ്പൂര് ഗവ: ആയുര്‍വേദ ആശുപത്രിയുടെ  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ആയിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ആയിരം കോടിയും കടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് പദ്ധതിയും ഉടന്‍ പൂര്‍ത്തിയാക്കും. കോവിഡ് മഹാമാരിയെ ചെറുക്കുവാന്‍ പൊതുപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. ഈ ഒരുമയാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു നിലയുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടം 1.40 കോടി രൂപ ചെലവിലാണു നിര്‍മ്മിച്ചിരിക്കുന്നത്. എം.എല്‍.എയുടെ 2018 ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയിലാണു നിര്‍മ്മാണം. ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുള്ള ഒന്നാം ഘട്ട നിര്‍മ്മാണമാണു പൂര്‍ത്തിയായത്. ഇരുനിലകളിലായി 6700 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ഒ.പി റൂം, ഡോക്ടര്‍മാര്‍ക്കുള്ള പരിശോധനാ മുറി, നഴ്‌സ് മുറി, സ്റ്റോര്‍ റൂം, ഫാര്‍മസി പഞ്ചകര്‍മ്മ ചികിത്സാ മുറികള്‍, റിക്കോര്‍ഡ് റൂം, ഫിസിയോ തെറാപ്പി റൂം, രണ്ട് വാര്‍ഡുകള്‍, അടുക്കള, രോഗികളുടെ വിശ്രമസ്ഥലം, ഡൈനിംഗ് ഹാള്‍, ശുചിമുറികള്‍, എന്നിവയാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണ് പുതിയ ആശുപത്രി. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. മല്ലപ്പള്ളി പഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനവും എം.എല്‍.എ നിര്‍വഹിച്ചു.

മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റജി തോമസ്, എസ്.വി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുകോശി പോള്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്വാഗതസംഘം കണ്‍വീനര്‍ ശ്രീലാല്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.