അക്കാദമിക മികവാണ് സ്‌കൂളിന്റെ മികവ്: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

post

തൃശൂര്‍ : ആധുനിക രീതിയിലേക്ക് സ്‌കൂളുകള്‍ മാറുമ്പോള്‍ അക്കാദമിക മികവാണ് സ്‌കൂളിന്റെ മികവെന്ന് നാം മനസ്സിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പെരിങ്ങോട്ടുകര ജിഎച്ച് എസ് എസിലെ പുതിയ ഹയര്‍ സെക്കന്ററി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കിഫ്ബി വഴി 3000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ രംഗത്ത് 129 വര്‍ഷം പിന്നിടുന്ന പെരിങ്ങോട്ടുകര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 2 കോടി 80 ലക്ഷം രൂപയും സി.എന്‍ ജയദേവന്‍ മുന്‍ എം പിയുടെ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് ഹയര്‍ സെക്കന്ററി ബ്ലോക്ക് നിര്‍മ്മിച്ചത്.

ഗീതാ ഗോപി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം ഉപയോഗിച്ച് ഹൈസ്‌കൂള്‍, യു.പി. കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു.

സര്‍ക്കാര്‍ ഫണ്ട് ഒരു കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹയര്‍ സെക്കന്‍ഡറി ലാബിന്റെയും ലൈബ്രറിയുടേയും കിഫ്ബി ഫണ്ട് ഒരു കോടി ചെലവില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെയും ഗീതാ ഗോപി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ ചെലവഴിച്ചുള്ള ഗ്രൗണ്ട് നവീകരണത്തിന്റെയും ശിലാസ്ഥാപനവും നടന്നു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗീതാ ഗോപി എം എല്‍ എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മുന്‍ എംപി. സി.എന്‍ ജയദേവന്‍, ജില്ലാപഞ്ചായത്തംഗം ഷീല വിജയ കുമാര്‍, വാര്‍ഡ് മെമ്പര്‍ ശുഭ സുരേഷ്, പ്രിന്‍സിപ്പല്‍ കെ.എച്ച് സാജന്‍, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി.ഐ. അബൂബക്കര്‍, അസി. എഞ്ചിനീയര്‍ രാജന്‍ പാറേക്കാട്ട്, എന്നിവര്‍ പങ്കെടുത്തു.