വനഭൂമി പട്ടയവിതരണം: അപേക്ഷ 14 മുതല്‍ സ്വീകരിക്കും

post

തൃശ്ശൂര്‍: വനഭൂമി പട്ടയവിതരണത്തിനുളള അപേക്ഷകള്‍ ജനുവരി 14, 15, 16 തിയ്യതികളില്‍ സ്വീകരിക്കും. ഭൂമി പതിവ് ലിസ്റ്റില്‍ പേരുണ്ടായിട്ടും വേണ്ടത്ര രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പട്ടയം ലഭിക്കാത്തവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. വില്ലേജ് ഓഫീസുകളിലാണ് അപേക്ഷകള്‍ സ്വീകരിക്കുക. കളക്ടറേറ്റില്‍ ഗവ. ചീഫ് വിപ്പ് കെ രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. ജനുവരി 14ന് കിള്ളന്നൂര്‍, പീച്ചി, പാണഞ്ചേരി വില്ലേജുകളിലും ജനുവരി 15ന് മാന്ദാമംഗലം വില്ലേജിലും ജനുവരി 16ന് പുത്തൂര്‍, മുളയം, കൈനൂര്‍, മാടക്കത്തറ എന്നീ വില്ലേജുകളിലുമാണ് അപേക്ഷകള്‍ സ്വീകരിക്കുക.

പട്ടയവിതരണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് തലത്തില്‍ യാതൊരു തരത്തിലും പണപ്പിരിവ് നടത്തില്ലെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് യോഗത്തില്‍ വ്യക്തമാക്കി. അനധികൃതമായി പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ കളക്ടറെ വിവരം അറിയിക്കണമെന്നും അത്തരം കേസുകളില്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര അംഗീകൃത പതിവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും യഥാസമയം രേഖകള്‍ ഹാജരാക്കാത്തവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നത്. വനഭൂമിപട്ടയ നടപടികള്‍ ലഘൂകരിക്കുന്നതിനായി മന്ത്രിമാര്‍ പങ്കെടുത്ത് ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിവരികയാണെന്ന് യോഗം വിലയിരുത്തി.

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഫോറം 2, കൈമാറ്റക്കരാറുകള്‍, ഭൂമി മനസ്സിലാക്കുന്നതിനുള്ള ലാന്‍ഡ് മാര്‍ക്ക്, 100 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സമര്‍പ്പിക്കുന്ന അഫിഡവിറ്റ്, വോട്ടേര്‍സ് ഐഡി/ അധാര്‍ കാര്‍ഡ്/ റേഷന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍, സംയുക്ത പരിശോധന റിപ്പോര്‍ട്ട് (ജെ.വി.ആര്‍.) എന്നിവയും ഹാജരാക്കേണ്ടതാണ്. സംയുക്ത പരിശോധന റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തലസൗകര്യം ജില്ലാഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ട്. 

തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ കെ. മധുസൂദനന്‍, ജില്ലാ സര്‍വീസ് ഓഫീസര്‍ പി. കെ. ഷാലി, ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫീസ് ഹെഡ് സര്‍വെയര്‍ പി. സനില്‍കുമാര്‍, ഹെഡ് സര്‍വേയര്‍ കെ. ജെ. ബിന്ദു, ജൂനിയര്‍ സൂപ്രണ്ട് സി. സി. ജോയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.