ശബരിമല തീര്‍ഥാടനം: എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് മന്ത്രി കെ.രാജു

post

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്ത് സാധാരണ ഒരുക്കാറുള്ള എല്ലാ സംവിധാനങ്ങളും വനംവകുപ്പ് ഇത്തവണയും ഒരുക്കുമെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട റസ്റ്റ്ഹൗസില്‍ നടന്ന ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളേക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

തുലാമാസ പൂജയ്ക്ക് മുന്‍പായി റോഡുകളുടെ ഇരുവശവും അപകടകരമാംവിധം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റും. പമ്പാനദിയില്‍ കുളി നിരോധിച്ചിരിക്കുന്നതിനാല്‍ പമ്പയില്‍ പ്രത്യേകമായൊരുക്കുന്ന ഷവര്‍ സംവിധാനത്തിന്റെ സ്ഥലവുമായി ബന്ധപ്പെട്ട അനുമതി വനം വകുപ്പ് നല്‍കും. കാട്ടുമൃഗങ്ങളുടെ ആക്രമണം പരമാവധി കുറയ്ക്കുന്നതിനായി പത്തുപേരുള്ള രണ്ട് റാപ്പിഡ് ടെസ്റ്റ് ഫോഴ്സിനെ നിയോഗിക്കും. വന്യജീവികളെ കണ്ടാല്‍ വിവരങ്ങള്‍ ഫോറസ്റ്റ്, പോലീസ് എന്നീ വിഭാഗങ്ങളെ പെട്ടെന്ന് അറിയിക്കാനുള്ള എസ്.എം.എസ് അലര്‍ട്ട് സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്സ് പി.കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സഞ്ജയന്‍ കുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.