പരിശീലന മികവില്‍ തിളങ്ങി കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമി

post

തൃശൂര്‍: പരിശീലന മികവില്‍ തിളങ്ങി മുന്നേറുകയാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമി. നിയമന പരിശീലനങ്ങള്‍ക്ക് പുറമേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ഇതര വകുപ്പുകള്‍ക്കും പരിശീലനം നല്‍കുകയാണ് അക്കാദമി. വനം വകുപ്പിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും 124 ഫയര്‍‌സ്റ്റേഷനുകളിലെ ആദ്യഘട്ടപ്രവര്‍ത്തനം ആരംഭിച്ച സിവില്‍ ഡിഫന്‍സ് ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കുമാണ് അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ 30 വരെ 25 പേരടങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം നല്‍കി. നാല് വനിതകള്‍ ഉള്‍പ്പെട്ടതാണ് സംഘം. ഹ്രസ്വകാല പരിശീലനങ്ങള്‍ക്ക് പുറമെ മൂന്ന് മാസത്തിലൊരിക്കല്‍ മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള തുടര്‍ പരിശീലനങ്ങളും നല്‍കും.

ബേസിക് ലൈഫ് സപ്പോര്‍ട്ട്, ഫോറസ്റ്റ് ഫയര്‍, വാട്ടര്‍ ആന്റ് റെസ്‌ക്യു ടെക്‌നിക്, റോപ്പ്‌സ് ആന്റ് റെസ്‌ക്യു, ഫസ്റ്റ്എയിഡ് ഫയര്‍ ഫൈറ്റിംഗ്, സ്‌കൂബാ ഡൈവിംഗ്, ഹൊറിസോണ്ടല്‍ ആന്റ് വെര്‍ട്ടിക്കല്‍ റോപ്പ് റെസ്‌ക്യു, മലയിടിച്ചിലിലും പ്രളയത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ കമാന്‍ഡോ ബ്രിഡ്ജ്, ബര്‍മ ബ്രിഡ്ജ് തുടങ്ങി ഒട്ടനവധി ശാസ്ത്രീയ സജ്ജീകരണങ്ങളോടു കൂടിയ പരിശീലനങ്ങളും നല്‍കുന്നുണ്ട്. കൂടാതെ അപകട സന്ദര്‍ഭങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കല്‍, ബേസിക് ഫയര്‍ ഫൈറ്റിംഗ്, പുനരധിവാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് താല്‍ക്കാലിക സുരക്ഷാകേന്ദ്രങ്ങള്‍ നിര്‍മ്മിക്കല്‍, എല്‍.പി.ജി. കെമിക്കല്‍ ലീക്കേജ് നേരിടുന്നത്, ജനത്തിരക്ക് നിയന്ത്രണം എന്നിവയിലും പരിശീലനം നല്‍കി വരുന്നുണ്ട്.