സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്

post

പത്തനംതിട്ട: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം വൈദ്യുത മന്ത്രി എം.എം മണി നടത്തി 

മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് എം.എം മണി പറഞ്ഞു. ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് ഹരിതമാക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അതിനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രകൃതി മനുഷ്യനു നല്‍കുന്ന പ്രതിഫലനമാണു പ്രകൃതിക്ഷോഭങ്ങളും പ്രളയങ്ങളുമെന്നും മന്ത്രി പറഞ്ഞു. 

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും അതിജീവനത്തിനായി ചെറുവനങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തായി മാറിയത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാനും അവയെ തുലനപ്പെടുത്താനും വനങ്ങള്‍ ആവശ്യമാണ്. ഈ പ്രശ്‌നത്തെ നേരിടാനുള്ള ഒരു പ്രതിരോധ മാതൃകയായാണ് ജൈവ വൈവിധ്യത്തിന്റെ പച്ചത്തുരുത്തുകള്‍  നിര്‍മ്മിച്ചിരിക്കുന്നത്. 

നിലവിലുള്ള കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റം വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതുസ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ചെറുവനങ്ങളായി രൂപപ്പെടുത്തുക എന്ന  ഹരിതകേരളം മിഷന്റെ നവീന ആശയമാണ് പച്ചത്തുരുത്ത്. 18 വാര്‍ഡുകളിലായി 26 പച്ചത്തുരുത്തുകളാണ് കൊടുമണ്ണില്‍ നിര്‍മ്മിച്ചത്. അതിജീവനത്തിന്റെ ചെറു തുരുത്തുകളായ  51 പച്ചത്തുരുത്തുകള്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി  പൂര്‍ത്തിയായിട്ടുണ്ട്. 

ആര്യവേപ്പ്, അഗസ്ത്യച്ചീര, കണിക്കൊന്ന, ഉങ്ങ്, ഞാവല്‍, നെല്ലി, നീര്‍മരുത്, ദന്തപ്പാല, മാതളനാരകം തുടങ്ങി അനേകം വൃക്ഷത്തൈകള്‍കൊണ്ടാണ് ഈ ചെറുവനങ്ങളുടെ നിര്‍മ്മാണം.

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് ആമുഖ പ്രഭാഷണം നടത്തി. ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ പച്ചത്തുരുത്ത് സന്ദേശവും തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പച്ചത്തുരുത്ത് ലഘുലേഖ പ്രകാശനം ചെയ്തു.  

ഹരിത കേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സതികുമാരി, അഡ്വ.ആര്‍ രാജീവ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സി പ്രകാശ്, കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, സിപിഐ(എം)ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഹരിത കേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഹരിപ്രിയ ദേവി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍ ഹരി, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ് ആദില, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.