സന്നിധാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഫയര്‍ഫോഴ്‌സ്

post

പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല സന്നിധാനത്ത് പ്രത്യേക അണുനശീകരണ പ്രവര്‍ത്തനങ്ങളുമായി ഫയര്‍ഫോഴ്‌സ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്നിധാനത്തും പരിസരങ്ങളിലും അണുനശീകരണം ഉള്‍പ്പെടെയുള്ള സേവനം ഫയര്‍ഫോഴ്‌സ് നല്‍കുന്നത്. തീര്‍ഥാടകര്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസേഷന്‍ നടത്തും. ഇതിന് പുറമേ ആവശ്യമായ സ്ഥലങ്ങളില്‍ വെള്ളമൊഴിച്ചും ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കോവിഡ് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, രോഗി താമസിച്ചതും ഇടപഴകിയതുമായ സ്ഥലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ അണുവിമുക്തമാക്കും. കൂടുതല്‍ ആളുകളെത്തുന്ന സ്ഥലമെന്ന നിലയില്‍ പോലീസ് കാന്റീന്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും അണുവിമുക്തമാക്കുന്നുണ്ട്. ഇതിന് പുറമേ തീര്‍ഥാടകര്‍ക്ക് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.

38 പേരടങ്ങുന്ന ഫയര്‍ഫോഴ്‌സ് സംഘമാണ് സന്നിധാനം യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം ഫയര്‍ഫോഴ്‌സ് ഡിവിഷന് കീഴിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള സേനാംഗങ്ങള്‍ 12 ദിവസം വീതമുള്ള ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടെ സേവനത്തിന് എത്തിയിരിക്കുന്നത്. ജില്ലാ ഫയര്‍ ഓഫീസര്‍, സ്റ്റേഷന്‍ ഓഫീസര്‍, രണ്ട് അസി. സ്റ്റേഷന്‍ ഓഫീസര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരും, ഡ്രൈവര്‍മാരുമാണ് സന്നിധാനത്ത് ജോലിയിലുള്ളത്.

മരക്കൂട്ടം മുതല്‍ മുകളിലേക്കാണ് സന്നിധാനം യൂണിറ്റിന്റെ സേവനം ലഭ്യമാകുക. മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കണ്‍ട്രോള്‍ റൂം മെയിന്‍ സെന്റര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ ഒരേ സമയം ആറു പേര്‍ വീതമടങ്ങുന്ന സംഘമാണുള്ളത്. ഫയര്‍ഫോഴ്‌സിനു പുറമേ,  വിശുദ്ധിസേന, അയ്യപ്പസേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.