തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: മാറിമറിഞ്ഞ ലീഡ് നിലകള്‍ തത്സമയം കൈമാറി മീഡിയ സെന്റര്‍

post

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന വോട്ടെണ്ണലിന്റെ  തത്സമയ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജമാക്കിയ മീഡിയാ സെന്റ്‌റര്‍. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ മാധ്യമങ്ങള്‍ക്കായി ജില്ലാ ഭരണകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പും ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഇലക്ഷന്‍ വിഭാവും സംയുക്തമായി സജ്ജമാക്കിയ മീഡിയാ സെന്റര്‍ സജീവമായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയത്  രാവിലെ എട്ടിനായിരുന്നുവെങ്കിലും രാവിലെ ആറുമുതല്‍തന്നെ മീഡിയാ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

വോട്ടെണ്ണല്‍ പുരോഗതി സെക്കന്‍ഡുകള്‍ക്കകം മീഡിയ സെന്ററിലൂടെ മാധ്യമങ്ങള്‍ക്ക് നല്‍കി. ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ തല്‍സമയം ലീഡിംഗ് നിലയിലേ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്തു.  ജില്ലാപഞ്ചായത്ത്, നഗരസഭള്‍, ബ്ലോക്ക്പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഫലങ്ങള്‍ നല്‍കാന്‍ നാലു ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ഇന്റ്‌റര്‍നെറ്റ് സംവിധാനവും ഒരുക്കിയിരുന്നു. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫെയ്സ് ബുക്കിലൂടെയും ബ്രേക്കിംഗ് ന്യൂസ്, പ്രസ് ക്ലബ് ഫ്രണ്ട്സ് തുടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ജില്ലയിലെ വോട്ടെണ്ണല്‍ പുരോഗതി മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു.