ഊര്‍ജ്ജിത കോവിഡ് 19 നിയന്ത്രണ പക്ഷാചരണം തുടങ്ങി

post

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് മണ്ഡലകാല ഉത്സവങ്ങള്‍ ഇവയുടെ പശ്ചാത്തലത്തില്‍ കോവിഡ് 19 വ്യാപന സാധ്യത മുന്‍ നിര്‍ത്തി ഡിസംബര്‍ 16 മുതല്‍ 30 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ഊര്‍ജ്ജിത കോവിഡ് 19 നിയന്ത്രണ പക്ഷാചരണം നടത്തുന്നു.

ആശ ആരോഗ്യ ജാഗ്രത പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഐ.എല്‍.ഐ/സമാന ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുക, പൊതുജന സമ്പര്‍ക്കം കൂടുതലായി ഉണ്ടായിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുക, കോവിഡ്  19 പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് കോവിഡ്19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശിക്കുക. ക്രിസ്തുമസ്, മണ്ഡലകാല ഉത്സവങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങള്‍ നേരത്തെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയാണ് പക്ഷാചരണത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇതിനായി ജെ.എച്ച്.ഐ/ ജെ.പി.എച്ച്.എന്‍/ആശ എന്നിവര്‍ അടങ്ങുന്ന വാര്‍ഡുതല ടീമും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പഞ്ചായത്തുതല ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഇലക്ഷനുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവര്‍ത്തിച്ചവര്‍, ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങി എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ റൂം ക്വാറന്റൈന്‍ സ്വീകരിക്കേണ്ടതും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശാനുസരണം പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.