പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി

post

അന്യസംസ്ഥാന താമസക്കാർക്ക് പ്രത്യാശയുമായി പ്രത്യാശ പദ്ധതി

തിരുവനന്തപുരം: അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2019ൽ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങളിൽ മാത്രം ഏകദേശം 1500ലധികം അന്യസംസ്ഥാനക്കാർ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തൽ. അന്യസംസ്ഥാനക്കാരായ അനാഥരോ, ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികൾ, വയോജനങ്ങൾ, അഗതികൾ, ശാരീരിക മാനസിക വെല്ലുവിളികളുള്ളവർ എന്നിങ്ങനെ പരിഗണന അർഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സർക്കാർ കഴിഞ്ഞ വർഷം പ്രത്യാശ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഇവരിൽ 100 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയാറാക്കി. ഇതടിസ്ഥാനമാക്കി ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് തുക നൽകേണ്ടതാണെണെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് 31 പുനരധിവാസ സ്ഥാപനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏകദേശം 239 സർക്കാരിതര പുനരധിവാസ സ്ഥാപനങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങളിലാണ് ഇവർ താമസിച്ചുവരുന്നത്. പ്രത്യാശ പദ്ധതി പ്രകാരം 40 പേരെ നേരത്തെ സ്വദേശത്തേക്ക് എത്തിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേരെ അവരുടെ സംസ്ഥാനത്തെത്തിക്കാൻ സാധിച്ചില്ല. അതിനാൽ സമയബന്ധിതമായി പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യനീതി വകുപ്പ്.