ബാങ്കുകള്‍ വായ്പ നല്‍കിയത് 3073 കോടി രൂപ; കാര്‍ഷിക മേഖലയില്‍ 1582 കോടി രൂപ വായ്പ

post

പത്തനംതിട്ട: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 3073 കോടി രൂപ വായ്പയായി നല്‍കി. ജില്ലതല ബാങ്കിംഗ് അവലോകനം യോഗം ഇതുസംബന്ധിച്ച കണക്കുകള്‍ വിലയിരുത്തി. 2579 കോടി രൂപ കാര്‍ഷിക, കാര്‍ഷിക അനുബന്ധ, വ്യവസായ, ഭവന, വിദ്യാഭ്യാസ മേഖല ഉള്‍പ്പെടുന്ന മുന്‍ഗണന വിഭാഗത്തില്‍ നല്‍കി. കാര്‍ഷിക വായ്പയായി 1460 കോടി രൂപയും കാര്‍ഷിക അനുബന്ധ വായ്പയായി 121 കോടി രൂപയും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ആകെ 1582 കോടി രൂപ നല്‍കി വാര്‍ഷിക പദ്ധതിയുടെ 55 ശതമാനം കൈവരിച്ചു.  വ്യവസായ, കച്ചവട മേഖലയില്‍ 643 കോടി രൂപ നല്‍കി വാര്‍ഷിക പദ്ധതിയുടെ 64 ശതമാനം കൈവരിച്ചു.  മറ്റു മുന്‍ഗണന മേഖലയില്‍ 353 കോടി രൂപ അനുവദിച്ചു.

ബാങ്കുകളുടെ മൊത്തം വായ്പ കഴിഞ്ഞവര്‍ഷത്തെ 14,343 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധിച്ച് 15,295 കോടി രൂപയായി. നിക്ഷേപം ആറു ശതമാനം കൂടി 46,060 കോടി രൂപയില്‍ നിന്നും 48,815 കോടി രൂപയായി. വിദേശ നിക്ഷേപം 23,320 കോടി രൂപയില്‍ നിന്നും 1544 കോടി രൂപ കൂടി 24,864 കോടി രൂപയില്‍ എത്തി. ഏഴു ശതമാനം വര്‍ധന കൈവരിച്ചു. ജൂണ്‍ മാസത്തില്‍ പദ്ധതി വായ്പ കൈവരിച്ച സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യ ഉള്‍പ്പെടെ ആറു ബാങ്കുകള്‍ അവാര്‍ഡ് ഏറ്റു വാങ്ങി.