നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം

post

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച് വിശദമായ കര്‍മപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: രാജന്‍ എന്‍. ഖോബ്രഗഡേയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കര്‍മപദ്ധതി തയാറാക്കി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആരോഗ്യവകുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. അതത് ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം വരെയും നോഡല്‍ ഓഫീസര്‍മാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡല്‍ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്ന കര്‍മപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്.

കോവിഡ് രോഗികള്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാല്‍ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. 

കോവിഡ് രോഗികള്‍ക്ക് പുറമേ 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് തിരഞ്ഞെടുക്കാം.

തപാല്‍ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ണ മേല്‍വിലാസത്തോടെ അതത് വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം. ഇതനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കും. തപാല്‍ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.