ലൈഫ് മിഷന്‍: ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് തൃശൂര്‍ ജില്ലാ പഞ്ചായത്ത്

post

തൃശൂര്‍: സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ച് തൃശൂര്‍ ജില്ലാ പഞ്ചായത്ത് നേട്ടം കൈവരിച്ചു. ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ തൃശൂര്‍ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ 3073 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കാന്‍ അവശേഷിച്ചിരുന്നത്. അതില്‍ 2953 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് 96 ശതമാനം നേട്ടം കൈവരിച്ചു. പട്ടികജാതി വകുപ്പ് 305 ഭവനങ്ങളും പട്ടികവര്‍ഗ്ഗ വകുപ്പ് 118 ഭവനങ്ങളും പൂര്‍ത്തികരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് ഈ ഘട്ടത്തില്‍ 190 പട്ടികജാതി ഗുണഭോക്താക്കളുടെ ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നതില്‍ 179 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി.

തൃശൂര്‍ കോര്‍പ്പറേഷന്‍ 315 ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ 314 പേരുടേയും ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കി.

ജില്ലയിലെ എല്ലാ മുന്‍സിപ്പാലിറ്റികളും കൂടി ലൈഫ് മിഷന്‍ ഒന്നാം ഘട്ടത്തില്‍ 340 വീടുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മാത്രം 315 വീടുകള്‍ പൂര്‍ത്തികരിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭവനങ്ങള്‍ പൂര്‍ത്തികരിച്ചത് തൃശൂര്‍ ജില്ലാ പഞ്ചായത്താണ്. തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ പട്ടികജാതി ഗുണഭോക്താക്കളുടെ ഭവനങ്ങളായിരുന്നു കൂടുതലും.

തൃശൂര്‍ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ ചേര്‍പ്പ്, ചൊവ്വന്നൂര്‍, പുഴയ്ക്കല്‍ ഒല്ലൂക്കര മതിലകം എന്നി ബ്ലോക്ക് പഞ്ചായത്തുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിടം നല്‍കലാണ്. ഇതില്‍ കരാര്‍ വെച്ച 4790 ഗുണഭോക്താക്കളില്‍ 3649 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 17 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി ജില്ലയില്‍ 17251 ഭവനങ്ങളില്‍ 14620 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.