തലസ്ഥാന നഗരിയില്‍ പട്ടത്തും ഉള്ളൂരും ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വാണിജ്യ സമുച്ചയങ്ങള്‍
ശിലാസ്ഥാപനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വാണിജ്യ സമുച്ചയങ്ങള്‍ ഒരുങ്ങുന്നു. പട്ടം ട്രാഫിക് പോലീസ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിന് എതിര്‍വശത്തായി നിര്‍മ്മിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെയും ഉള്ളൂരില്‍ പി.റ്റി ചാക്കോ നഗറിലൊരുങ്ങുന്ന ഓഫീസ് കൂടി ഉള്‍പ്പെട്ട വാണിജ്യ സമുച്ചയങ്ങളുടെ ശിലാസ്ഥാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. തനതായ പ്രവര്‍ത്തന ശൈലിയിലൂടെ മുന്നോട്ടുപോകുന്ന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനകം ഏഴ് ലക്ഷത്തില്‍പരം ജനങ്ങള്‍ക്ക് വീട് വയ്ക്കാന്‍ വായ്പ നല്‍കിയത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം ഭവനപദ്ധതിയിലുള്ള 15.06 സെന്റ് ഭൂമിയിലാണ് മൂന്ന് നിലകളിലായാണ് വാണിജ്യ സമുച്ചയം ഒരുങ്ങുന്നത്. 18 കടമുറികള്‍, ശുചിമുറി സംവിധാനം, പാര്‍ക്കിംഗ് ഏരിയ, ലിഫ്റ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. താഴത്തെ നിലയില്‍ 131 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള ആറ് കടമുറികള്‍ ഉള്‍പ്പെടുന്നു. ഒന്നാം നിലയില്‍ 137 മുതല്‍ 334 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള ഏഴ് കടമുറികള്‍, രണ്ടാംനിലയില്‍ വിവിധ വലുപ്പത്തിലുള്ള മൂന്ന് കടമുറികള്‍ എന്നിവയാണ് വിഭാവനം ചെയതിട്ടുള്ളത്. പത്ത് കാറുകള്‍ക്കും അതിലധികം ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാം. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ തനതുഫണ്ടില്‍ നിന്നും 2,11,94,000 രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 9340 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. പദ്ധതിയില്‍ നിന്നും 38,35,000 രൂപയാണ് വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നത്.
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പി.റ്റി. ചാക്കോ നഗര്‍ ഭവന പദ്ധതിയിലുള്ള 18.245 സെന്റ് ഭൂമിയിലാണ് കൊമേഷ്യല്‍ കം ഓഫീസ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കല്‍കോളേജ് - ഉള്ളൂര്‍ റോഡ് അരികില്‍ തന്നെയുള്ള സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒന്നാം നിലയില്‍ 2085 ചതുരശ്ര അടി വാണിജ്യ സ്ഥാപനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. കൂടാതെ താഴത്തെ നിലയില്‍ 255 ചതുരശ്ര അടിയുള്ള രണ്ട് കടമുറികളും 14 കാര്‍ പാര്‍ക്കിംഗും 53 ചതുരശ്ര മീറ്റര്‍ ഇരുചക്ര വാഹന പാര്‍ക്കിംഗും വിഭാവനം ചെയ്തിട്ടുണ്ട്. ലോബി, ഭിന്നശേഷി ക്കാര്‍ക്കുള്ള ശുചി മുറി, പൊതു ശുചിമുറി എന്നിവയും താഴത്തെ നിലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
2297 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ടും മൂന്നും നിലകളില്‍ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണുള്ളത്. കൂടാതെ സെക്യൂരിറ്റി ക്യാബിന്‍, മാലിന്യ സംസ്‌കരണ സംവിധാനം, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, ലിഫ്റ്റ്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ തനതു ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന 15080 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് 4,63,96,418 രൂപയാണ്. നിര്‍മ്മാണാനുമതി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമായിട്ടുണ്ട്. 64,32,000 രൂപ വാര്‍ഷിക വരുമാനമാണ് പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇരു പദ്ധതികളും പത്ത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.