വിദേശയാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു. ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയില്‍  എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഇനി യാത്രികര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.

യു.കെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും വരുന്നവര്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി  ഫലം നെഗറ്റീവ് ആയാലും ഏഴു  ദിവസം കൂടി ഗൃഹ നിരീക്ഷണത്തില്‍ തുടരണം.  പോസിറ്റീവ് ആവുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥാപനത്തിലോ വീട്ടിലോ ചികിത്സ തുടരാം. വൈറസിന്റെ പുതിയ വകഭേദം ആണെങ്കില്‍ സ്ഥാപന നിരീക്ഷണത്തിന്റെ പ്രത്യേക യൂണിറ്റില്‍ രോഗം ഭേദമാകുന്നതുവരെ  ചികിത്സ നല്‍കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പ്രവേശിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ ഏഴാം ദിവസമോ പരിശോധന നടത്താം.

യൂറോപ്പ്, മധ്യകിഴക്കന്‍ രാജ്യങ്ങള്‍, മറ്റു വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും 14 ദിവസം സ്വയം ഗൃഹ  നിരീക്ഷണത്തില്‍ പ്രവേശിക്കണം. രോഗബാധിതര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സയില്‍ തുടരണം.

14 ദിവസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് വരുന്ന എല്ലാവരും  തിരികെ പോകുന്നതുവരെ പരിഷ്‌കരിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍  കര്‍ശനമായി  പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത  അറിയിച്ചു