കൊല്ലം ജില്ലയിലെ ആദ്യ സ്‌കൂള്‍തല നൈപുണിവികസന കേന്ദ്രം നാടിന് സമര്‍പിച്ചു

post

പുതുതലമുറയുടെ അഭിരുചിക്കനുസൃതമായും കാലികപ്രസക്തിയുള്ളതുമായ തൊഴില്‍മേഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ നൈപുണിവികസന പദ്ധതിയായ 'സ്റ്റാര്‍സ്'നു ജില്ലയില്‍ തുടക്കമായി. കുളക്കട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവപഠനപദ്ധതി നാടിന് സമര്‍പിച്ചു.

പഠിക്കുന്നത് പ്രയോഗത്തില്‍വരുത്താന്‍ അവസരമൊരുക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതുതലമുറയ്ക്ക് തൊഴില്‍സാധ്യതകൂടി വളര്‍ത്തുന്നതിനുള്ള നൈപുണിവികസനം. ഗ്രാഫിക് ഡിസൈനര്‍, ടെലകോം ടെക്‌നിഷ്യന്‍ കോഴ്‌സുകള്‍ ഇവിടെ തുടങ്ങുന്നതിന്റെ പശ്ചാത്തലമാണിത്. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയതോടെ 15-23 പ്രായപരിധിയിലുള്ളവര്‍ക്ക് സൗജന്യമായി പരിശീലനം നേടാം.

നവമാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കും. ഒരു മൂളിപ്പാട്ടുപോലും സമൂഹമാധ്യമങ്ങളിലൂടെ വന്‍പ്രചാരം നേടുന്ന ഇന്നത്തെ സാഹചര്യം പുതുതൊഴിലടങ്ങള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്. പഠനത്തോടൊപ്പമോ അല്ലാതെയോ തൊഴില്‍വൈദഗ്ധ്യം സ്വന്തമാക്കുന്നത് മികച്ച തൊഴിലവസരങ്ങളിലേക്കാകും നയിക്കുക. ഓഡിയോ-വിഡിയോ ഗെയിമിംഗ് മേഖലയെ ഗുണകരമായി വിനിയോഗിക്കാനുതകുന്ന നയരൂപീകരണത്തിന് വഴിയൊരുങ്ങുകയുമാണ്. നല്ലനാളെകള്‍ക്കായാണ് വിദ്യാഭ്യാസമേഖലയിലെ നിക്ഷേപമെല്ലാം. മികച്ച ശമ്പളമുള്ള ജോലികളിലേക്ക് തലമുറകളെ നയിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്, കുളക്കട ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് സജി കടുക്കാല, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ രശ്മി, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ജി കെ ഹരികുമാര്‍, ഡയറ്റ് പ്രിന്‍സിപല്‍ എസ് ഷീജ, എസ് ഡി സി സോണല്‍ കോര്‍ഡിനേറ്റര്‍ എ എം റിയാസ്, മറ്റു ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാരായ ജി ഉണ്ണിമായ, എസ് ജെസി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

klm