ഇനി സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബും

post

കൊല്ലം : കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ സജ്ജമാക്കുന്ന സഞ്ചരിക്കുന്ന ലാബ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്ത് എത്തി ഒരേസമയം സ്രവ ശേഖരണവും പരിശോധനയും നടത്തും. ശേഖരിച്ച സാമ്പിളുകള്‍ ലാബില്‍ എത്തിക്കാനുള്ള കാലതാമസം ഒഴിവാക്കി 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാനുള്ള സംവിധാനമാണിത്.

കണ്ടയിന്‍മെന്റ്ക്ലസ്റ്റര്‍ സോണുകള്‍, തൊഴിലിടങ്ങള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങി വ്യാപക പരിശോധന ആവശ്യമുള്ള ഇടങ്ങളില്‍ ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടവരുടെയും സ്രവപരിശോധന സൗജന്യമായിരിക്കും. ഒരു ദിവസം 1,800 സാമ്പിളുകള്‍ വരെ പരിശോധിക്കുകയാണ് ലക്ഷ്യം. ഓരോ പ്രദേശത്തും ലാബ് എത്തിച്ചേരുന്ന തീയതി, സമയം എന്നിവ മുന്‍കൂട്ടി അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു