എസ് എസ് എല്‍ സി പരീക്ഷ ഇന്നാരംഭിക്കും, ഇടുക്കി ജില്ലയില്‍ 11,469 കുട്ടികള്‍

post

ഇടുക്കി : ഇന്നാരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇടുക്കി ജില്ലയില്‍ നിന്ന് 11,469 കുട്ടികള്‍. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ 74 സ്‌കൂളുകളിലായി 5076 കുട്ടികളും കട്ടപ്പന വിദ്യാഭ്യാസജില്ലയിലെ 85 സ്‌കൂളുകളില്‍  നിന്ന് 6393 കുട്ടികളും പരീക്ഷയെഴുതും. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ സഹായിക്കുന്നതിനും സംശയനിവാരണങ്ങള്‍ക്കുമായി തൊടുപുഴയില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രത്യേക വാര്‍റൂം തയാറാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എ ബിനുമോന്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ വാര്‍ റൂമില്‍ നിന്നു സേവനങ്ങള്‍ ലഭിക്കും. അടിയന്തര വിഷയങ്ങളില്‍ ഇവിടെ നിന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡനേറ്ററും ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ് വാര്‍ റൂം നിയന്ത്രിക്കുന്നത്. ഡിഡി ഓഫീസ് ഫോണ്‍: 04862 222996, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ 9497046312. എസ് എസ് എല്‍ സി പരീക്ഷയ്‌ക്കൊപ്പം ഹയര്‍സെക്കന്‍ഡറി പരീക്ഷയും ഇന്നാരംഭിക്കും.

പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇപ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രവും മെഷീനുകളുടെ സ്‌ട്രോംഗ് റൂമും  ആയതിനാല്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ ആയിരിക്കും പരീക്ഷാ കേന്ദ്രം. ഇവിടെ 45 കുട്ടികള്‍ പരീക്ഷയെഴുതുന്നുണ്ട്. ആദ്യ മൂന്നു പരീക്ഷകള്‍ ഉച്ചയ്ക്ക് 1.40 ന് ആരംഭിക്കും. പിന്നീടുള്ള ആറു പരീക്ഷകള്‍ രാവിലെ 9.45 ന് ആരംഭിക്കും.

മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരീക്ഷാ നടപടിക്രമങ്ങള്‍. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുളള സൗകര്യം എന്നിവ ഉണ്ടാകും.