വീട്ടിൽ വോട്ട് : ഇടുക്കി ജില്ലയിലെ നടപടികൾ ആരംഭിച്ചു

post

തിരഞ്ഞെടുപ്പിൽ 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവർ) വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള ഇടുക്കി ജില്ലയിലെ നടപടികൾ ആരംഭിച്ചു. അസന്നിഹിത (അബ്‌സെന്റീ) വോട്ടർമാരുടെ പട്ടികയിൽപ്പെടുത്തി 12 ഡി അപേക്ഷാ ഫോം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

ആവശ്യസർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, 85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 12 ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്കു സമർപ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാൽ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും.

രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസബിലിറ്റി സർട്ടിഫിക്കേറ്റ് ( 40 ശതമാനം ) സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കും.