മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മാണ പൂർത്തീകരണം ഉദ്‌ഘാടനം ചെയ്തു

post

ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മൂന്നാംഘട്ട നിര്‍മാണ പൂര്‍ത്തീകരണത്തിന്റെയും മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിര്‍വഹിച്ചു. അന്തര്‍ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ മൂന്നാറിന്റെ ടൂറിസം വികസനം ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണെന്ന് മന്ത്രി പറഞ്ഞു.

ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് ഈ പദ്ധതികള്‍ മുതല്‍ക്കൂട്ടാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ പരിഗണനയാണ് മൂന്നാറിന് നല്‍കുന്നത്. കോവിഡിന് ശേഷം മൂന്നാറിലെ ടൂറിസം വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു. ഡി റ്റി പി സി ഓഫീസിന് സമീപം സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന പരിപാടിയില്‍ ദേവികുളം എം.എല്‍.എ എ. രാജ അധ്യക്ഷത വഹിച്ചു.

പഴയ മുന്നാറില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസിന്റെ പുറകിലുള്ള മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. 3 കോടി 65 ലക്ഷം രൂപ ചിലവിട്ടാണ് മുതിരപ്പുഴയോര സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മൂന്നാംഘട്ട നിര്‍മ്മാണത്തില്‍ 4 കോടി 81 ലക്ഷം രൂപ ചിലവഴിച്ചു കുട്ടികള്‍ക്കുള്ള കളിസ്ഥലം, ചെസ്‌കോര്‍ട്ട്, സ്നേക്ക് ലാഡര്‍, നടപ്പാത, ബോട്ട് ജെട്ടി വൈദ്യുതീകരണം എന്നിവയാണ് പൂര്‍ത്തീകരിച്ചത്.