കോവിഡ് പ്രതിരോധം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തി വാര്‍റൂം

post

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ആരംഭിച്ച ഓക്സിജന്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം സുസജ്ജം.  ആശുപത്രികള്‍ക്ക് ഓക്സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, കുറവുള്ള ആശുപത്രികളില്‍ ആവശ്യമായ അളവില്‍ കൃത്യസമയത്ത്  എത്തിക്കുക തുടങ്ങിയവ നിര്‍വഹിച്ചു വരുന്നു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്കും, കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും ആവശ്യം അനുസരിച്ചാണ്  ഓക്സിജന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആശുപത്രികള്‍ക്കാണ് സേവനം.

ഉദ്യോഗസ്ഥര്‍ മൂന്നു ടീമുകളായാണ് വിവരങ്ങള്‍  ശേഖരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍  കോവിഡ് ജാഗ്രത പോര്‍ട്ടലിലേക്ക് രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ നിന്ന് ജില്ലക്ക് ആവശ്യമായ ലിക്വിഡ് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.

പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നത് അടിസ്ഥാനമാക്കി ദിവസവും ആവശ്യമായ ലിക്വിഡ് ഓക്സിജന്റെയും, സിലിണ്ടര്‍ ഫില്ലിങ്ങിന്റെയും വിതരണം നടത്തുകയാണ്. നിലവില്‍ മുണ്ടയ്ക്കല്‍ മാത്രമാണ് ഓക്സിജന്‍ ഫില്ലിംഗ് ഏജന്‍സി ഉള്ളത്.  തിരുവനന്തപുരത്തു നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള ഏജന്‍സികള്‍ മുഖേനയും ഓക്സിജന്‍ എത്തിക്കുന്നുണ്ട്. ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി വാര്‍റൂമിനെ സമീപിച്ച ഒരു ആശുപത്രിക്ക് മാവേലിക്കരയുള്ള ഏജന്‍സിയില്‍ നിന്നും  നിറയ്ക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിച്ചു. മറ്റ് മൂന്ന് ആശുപത്രികള്‍ക്ക് തിരുവനന്തപുരത്തെ ഓക്സിജന്‍ ഫില്ലിംഗ് ഏജന്‍സിയില്‍ നിന്നും നിന്നും സിലിണ്ടര്‍ നിറയ്ക്കുന്നതിന് നടപടി സ്വീകരിച്ചു.

ഹോക്കി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും ജില്ലാ ആശുപത്രിയിലേക്കും നിത്യേന മുണ്ടയ്ക്കല്‍ ഓക്സിജന്‍ ഫില്ലിംഗ് ഏജന്‍സിയില്‍ നിന്നും സിലിണ്ടര്‍ നിറച്ചു നല്‍കുന്നുമുണ്ട്.