പ്ലാന്റേഷന്‍ കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി

post

എറണാകുളം: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൊഴില്‍ വകുപ്പ്.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പഷേന്റെ കീഴിലുള്ള ഓയില്‍പാം, കല്ലാല, ആതിരപ്പള്ളി എസ്റ്റേറ്റുകള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  ഈ മാസം 11 മുതല്‍ 16 വരെ അടച്ചിടുകയും മാസ് കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.

ഓയില്‍പാം പ്ലാന്റേഷനില്‍ നിലവിലുള്ള തൊഴിലാളികള്‍ 70 പേരാണ്.ഇതില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ അഞ്ചും അവരുടെ രോഗബാധിതരായ ആശ്രിതരുടെ എണ്ണം രണ്ടും മാത്രമാണ്. കല്ലാല എസ്റ്റേറ്റില്‍ 386 തൊഴിലാളികളില്‍ കൊവിഡ് പോസിറ്റീവായവര്‍ ഏഴും  രോഗബാധിതരായ ആശ്രിതരുടെ എണ്ണം പതിനൊന്നുമാണ്. ആതിരപ്പള്ളി എസ്റ്റേറ്റില്‍ 420 തൊഴിലാളികളില്‍ കൊവിഡ് പോസിറ്റീവായവര്‍ ഏഴും  രോഗബാധിതരായ ആശ്രിതരുടെ എണ്ണം ഏഴുമാണ്. ഈ ജില്ലകളില്‍   പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എസ്റ്റേറ്റുകളില്‍ ആകെ 19 തൊഴിലാളികള്‍ക്കും 20 ആശ്രിതര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.  ഇതില്‍ രണ്ട് തൊഴിലാളികള്‍ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം ക്വാറന്റൈയിനില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. 18-ന് ആലുവ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്റ്റേറ്റുകളിലും ഫാക്ടറികളിലും സന്ദര്‍ശനം നടത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയിലെ ഗുണ്ടുമല എസ്റ്റേറ്റിലെ വാഗുവര ഡിവിഷനിലും ഗൂഡര്‍ലെ എസ്റ്റേറ്റിലെ ദേവികുളം മിഡില്‍ ഡിവിഷനിലുമാണ് കോവിഡ് പോസിറ്റീവ് എണ്ണം കൂടുതലുള്ളത്.ഗുണ്ടുമല എസ്റ്റേറ്റില്‍ (വാഗുവര ഡിവിഷന്‍) 31 പേരും ഗൂഡര്‍ലെ എസ്റ്റേറ്റ് (ദേവികുളം വാര്‍ഡില്‍ ഡിവിഷന്‍) 16 പേരും. ഇതില്‍ വാഗുവര ഡിവിഷന്‍ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച്  തോട്ടത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.  

കോവിഡ് പോസിറ്റീവ് ആയ മുഴുവന്‍ പേരെയെും ഗൂഡര്‍ലെ എസ്റ്റേറ്റിലെ  ഡോമിസിലിയറി കെയര്‍ സെന്റര്‍ ആയ വാഗുവര എല്‍പി സ്‌കൂളിലേയ്ക്ക് മാറ്റി. ദേവികുളം ഡിവിഷനിലെ കോവിഡ് പോസിറ്റീവ് കേസുകള്‍ ഡോമിസിലിയറി കെയര്‍ സെന്ററുകളായ സ്‌കൗട്ട് സെന്റര്‍, ശിക്ഷക്സദന്‍, തോട്ടത്തിലെ തന്നെ ക്വാര്‍ട്ടേഴ്സ് എന്നിവയയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

കണ്ണന്‍ദേവന്‍ കമ്പനിയുടെ  രാജമല (പെട്ടിമുടി ഡിവിഷനില്‍) ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയിരുന്ന 25 അതിഥി തൊഴിലാളികളും സുഖം പ്രാപിച്ചു. രാജമലപെട്ടിപ്പടി ഡിവിഷനില്‍ നിലവില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെയില്ല .

എസ്റ്റേറ്റുകളില്‍ പുറത്തു നിന്നുള്ള ആരും തന്നെ ജോലിക്കായില്ലയെന്ന കാര്യം പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങല്‍ കൃത്യമായി പാലിക്കണമെന്നും തോട്ടം ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കൃത്യമായ നിര്‍ദേശം നല്‍കിയതിനൊപ്പം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും തൊഴില്‍ വകുപ്പു നടത്തി വരുന്നു.