ഡി.സി.സി കള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം; ജില്ലാ കലക്ടര്‍

post

കൊല്ലം: ജില്ലയില്‍ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കൂടുതല്‍ അംഗങ്ങള്‍ ഉള്ളതും അസൗകര്യങ്ങള്‍ ഉള്ളതുമായ വീടുകളില്‍  കഴിയുന്ന രോഗികളെ ഡി.സി.സി കളിലേക്ക് എത്രയും വേഗം മാറ്റണമെന്നും  ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനും ഡി.സി.സി സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

വ്യാപാര സ്ഥാപനങ്ങളില്‍ അമിതവില ഈടാക്കുന്നത് നിയന്ത്രിക്കും. കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ താമസിക്കുന്ന കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നവര്‍ അവിടെത്തന്നെ താമസിക്കുന്നവരാകണം. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

വളം വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍, മൊബൈല്‍ റിപ്പയറിങ് ഷോപ്പുകള്‍ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും തുറക്കാനുള്ള നടപടി സ്വീകരിക്കും, കലക്ടര്‍ വ്യക്തമാക്കി. ആശുപത്രി പ്രവേശനത്തിന് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ രോഗികള്‍ക്ക് ഉണ്ടാവരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  മുതിര്‍ന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള വാക്സിനേഷന്‍ നല്‍കുന്നത് എത്രയും വേഗംപൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

എ.ഡി.എം ടിറ്റി ആനി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍  ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ.യൂസഫ് അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, ഡി.എം.ഒ. ഡോ. ആര്‍. ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.