അതിര്‍ത്തി പ്രദേശങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കും

post

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നതിന്റെ ഭാഗമായി ആവശ്യ സേവന മേഖലകള്‍ക്ക് മാത്രമാണ് ഇന്ന്(ജൂണ്‍ 5)മുതല്‍ ഇളവുകളെന്നും കലക്ടര്‍ അറിയിച്ചു. പരിസ്ഥിതി ദിനത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഉള്‍ക്കൊണ്ട് തുടര്‍ച്ചയായ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. വീടും പരിസരവും തൊഴിലിടങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ചു വേണം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍. സാംക്രമിക രോഗങ്ങള്‍ക്കും കൊതുകുജന്യ രോഗങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കലക്ടര്‍ വ്യക്തമാക്കി.

സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, റൂറല്‍ പൊലീസ് മേധാവി കെ. ബി. രവി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.