രോഗവ്യാപനം കൂടിയ മേഖലകളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും; ജില്ലാ കലക്ടര്‍

post

കൊല്ലം: ജില്ലയില്‍ 20നു മുകളില്‍ രോഗവ്യാപന നിരക്കുള്ള തദ്ദേശസ്ഥാപന പരിധികളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ്  തീരുമാനം. മറ്റു തദ്ദേശസ്ഥാപന പരിധികളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങളും തുടരും. വൃദ്ധസദനങ്ങള്‍, ആദിവാസി മേഖലകള്‍, പട്ടികജാതി കോളനികള്‍ എന്നിവിടങ്ങളിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.

സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും നിര്‍ദേശമുണ്ട്. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചു വേണം വാക്സിനേഷന്‍ നടത്താന്‍. കൊട്ടിയം കിംസ് ആശുപത്രിയില്‍ വാക്സിനേഷന്‍ സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പുനലൂരില്‍ പുതിയതായി വാക്സിനേഷന്‍ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള തെക്കുംഭാഗം, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, കലക്ടര്‍ വ്യക്തമാക്കി.

സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഡി.എം.ഒ ഡോ. ആര്‍.ശ്രീലത, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.