കോവിഡ് പ്രതിരോധം : പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

post

കൊല്ലം :  കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം.  രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ആലപ്പാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്റ് സോണായ കുഴിത്തുറ എട്ടാം വാര്‍ഡില്‍ ആയിരുന്നു സന്ദര്‍ശനം.

രോഗവ്യാപനം  കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യസംഘം നല്‍കി. ആള്‍ക്കൂട്ടം ഒഴിവാക്കുക, കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുക. വാക്‌സിനേഷന്‍ സംബന്ധിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ഉറപ്പാക്കണം തുടങ്ങിയവയാണ് ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കണ്ടയിന്‍മെന്റ് സോണുകളായ കുറുമണ്ണ, പാങ്കോണം, ചേരിക്കോണം പ്രദേശങ്ങളും സന്ദര്‍ശിച്ചു. പഞ്ചായത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി.  കേന്ദ്ര സംഘം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ അടിയന്തര കോര്‍ കമ്മിറ്റി ചേര്‍ന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍.സന്ധ്യ, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജകുമാരി, വൈസ് പ്രസിഡന്റ് സനീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. സജീവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലിയാരുകുട്ടി, വാര്‍ഡ് മെമ്പര്‍ ഷിബുലാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ശിഹാബുദ്ദീന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിസ, കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ ബിബിന്‍കുമാര്‍, കൊട്ടിയം എസ്. ഐ സുജിത് ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു