വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് 'മീറ്റ് ദി മിനിസ്റ്റര്‍'

post

നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറ്റും : മന്ത്രി പി. രാജീവ്

കൊല്ലം: നിയമപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാലഹരണപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ച് നിലവിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളും. ഉദ്യോഗസ്ഥര്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം കാണുന്നതിനിടെ കാലതാമസം ഉണ്ടാകുന്നു. നേരത്തയുളള നിയമ വ്യവസ്ഥകളിലെ പോരായ്മകളാണ് ഇതിന് കാരണം. അതുകൊണ്ട് മാറിയ കാലത്തിന് ചേര്‍ന്ന മാറ്റങ്ങള്‍ വരുത്തുകയെന്നത് അനിവാര്യതയായി മാറി.  വ്യവസായ സൗഹൃദവും പ്രശ്നരഹിതവുമായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഏത് വകുപ്പുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉടനടി തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഓട്ടോമാറ്റിക് സ്റ്റാറ്റിയൂട്ടറി ഗ്രിവന്‍സ് അഡ്രസ്സ് മെക്കാനിസം ഈ മാസം തന്നെ നിലവില്‍ വരും. ഇതുവഴി സോഫ്‌റ്റ്വെയര്‍ മുഖേന പരാതികള്‍ക്ക് സുതാര്യമായി അതിവേഗംപരിഹാരം കണ്ടെത്താന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ പരാതിയി•േല്‍ സമയബന്ധിതമായി പരിഹാരം കൈക്കൊണ്ടില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 193 പരാതികളാണ് ലഭിച്ചത്. 107 എണ്ണം മുന്‍കൂട്ടി ലഭിച്ചു. പരിപാടിക്കിടെ 62 ഉം. വ്യവസായ സംരംഭങ്ങളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. നേരത്തെ ലഭിച്ചവയില്‍ ഭൂരിഭാഗവും തീര്‍പ്പാക്കി. മറ്റുള്ളവ തുടര്‍ നടപടികള്‍ക്കായി നല്‍കി.