ഇ ശ്രം പോർട്ടലിൽ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

post

എറണാകുളം: രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലിൽ ജില്ലയിൽ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

പദ്ധതി പ്രകാരമുള്ള ആദ്യ കാർഡ് കളമശ്ശേരിയിൽ എറണാകുളം എൻഫോഴ്സ്മെൻ്റ് ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ് തമിഴ്നാട് സ്വദേശി സ്വദേശി മുത്തുപാണ്ടിക്ക് കൈമാറി.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌.  സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.

register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഒടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ , കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കും 

ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

അർഹരായ എല്ലാ   തൊഴിലാളികളും ഉടൻ     തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അക്ഷയ / സി എസ് സി കേന്ദ്രങ്ങൾ വഴിയോ തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകൾ വഴിയോ സൗജന്യമായി രജിസ്ട്രേഷൻ നടത്താവുന്നതാണ്.