കരിമ്പുഴ-കരിമ്പന വരമ്പ് പാലം പുനര്‍നിര്‍മ്മാണം ആരംഭിച്ചു

post

പാലക്കാട്‌: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കരിമ്പന വരമ്പ് തോട്ടുപാലം നിര്‍മ്മാണ പ്രവര്‍ത്തി പുനരാരംഭിച്ചു. ഒറ്റപ്പാലം എം.എല്‍.എ. കെ. പ്രേംകുമാര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി.  നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി  എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അധികമായി അനുവദിച്ചു. പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മുന്‍ എം.എല്‍.എ പി.ഉണ്ണിയുടെ ആസ്തി വികസന ഫണ്ടില്‍  നിന്നും നേരത്തെ 40 ലക്ഷം രൂപ അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  തുടങ്ങുകയും ചെയ്തിരുന്നു.

പാലത്തിന്റെ ഇരുവശങ്ങളിലെ ഭിത്തികളുടെ നിര്‍മ്മാണത്തിന് പ്രതീക്ഷിച്ചതിലധികം തുക ആവശ്യമായി വരികയും അനുബന്ധ റോഡ് നിര്‍മ്മാണമുള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി കൂടുതല്‍ തുക വേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് എം.എല്‍.എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ  അധികമായി അനുവദിച്ചത്. ആകെ 80 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കരിമ്പുഴ- കോട്ടപ്പുറം- ആറ്റാശേരി റോഡിലെ പാലം തകര്‍ന്നതോടെ ഗതാഗത സൗകര്യവും കുടിവെള്ള വിതരണവും തടസപ്പെട്ട് ആറ്റാശ്ശേരി നിവാസികള്‍ ദുരിതത്തിലായിരുന്നു. പണി പൂര്‍ത്തീകരിക്കുന്നതോടെ ആറ്റാശ്ശേരി, ചാഴിയോട്, പനാംകുന്ന്, കരിപ്പമണ്ണ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍  നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമാകും.