തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കും-മേയര്‍

post

അയ്യന്‍കാളി പുരസ്‌കാരവുമായി കൊല്ലം കോര്‍പ്പറേഷന്‍
 
അടുത്ത വര്‍ഷം എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നല്‍കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ഇതു പോലെയുള്ള അനവധി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അയ്യന്‍കാളി പുരസ്‌കാര ലബ്ധിയെന്നും പറഞ്ഞു. കോവിഡ് വ്യാപനഘട്ടത്തില്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളാതെ തൊഴിലുറപ്പിന്റെ കരുതലൊരുക്കാനായി. ക്രിയാത്മകമായ ആശയങ്ങളും കൂട്ടായ പ്രവര്‍ത്തനവുമാണ് അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിന്റെ മുഖമുദ്ര.


കോവിഡ് കാലത്തും സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200.72 ഏക്കറില്‍ കൃഷി ചെയ്യാനായി. തൊഴിലുറപ്പ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണിത്. ഇതു വഴി 100 ടണ്ണോളം പച്ചക്കറി ഉല്‍പാദിപ്പിച്ചു. ആഴ്ച്ചചന്ത വഴി വില്‍ക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച തുകയും തൊഴിലുറപ്പ് പദ്ധതിയ്ക്ക് വേണ്ടി മാറ്റി വെച്ചു. കുടുബങ്ങളില്‍ കൂടുതല്‍ തൊഴിലിന്റെ സുരക്ഷ നിരന്തരം ഏര്‍പ്പെടുത്തി. ഇതിനൊക്കെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രചോദനമായാണ് പുതിയ യൂണിഫോം കൊണ്ടുവരുന്നത്.


96499 തൊഴില്‍ ദിനങ്ങളാണ് 2020-21 വര്‍ഷം സൃഷ്ടിച്ചത്. ഇതിനായി പാരിസ്ഥിതിക ശുചീകരണ പ്രവര്‍ത്തനങ്ങളുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിച്ചു. കോര്‍പ്പറേഷനിലെ മഴക്കുഴി - ഓട നിര്‍മ്മാണം, പച്ചതുരുത്ത് എന്നിവയൊക്കെ തൊഴിലുറപ്പിന്റെ അടയാളപ്പെടുത്തലായി. പി.എം.എ.വൈ പദ്ധതിയിലും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 2.5 കോടി രൂപയും ചെലവഴിക്കാന്‍ കഴിഞ്ഞു. നിലവില്‍ 8392 കുടുബങ്ങളാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് 10000 ആക്കി തൊഴില്‍ ലഭ്യമാക്കുകയാണ് കോര്‍പ്പറേഷന്റെ അടുത്ത വര്‍ഷത്തെ പ്രധാന ലക്ഷ്യം എന്നും മേയര്‍ പറഞ്ഞു.