നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

post


എറണാകുളം: വൈപ്പിൻ നായരമ്പലത്ത് ആയുർവ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ രണ്ട് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ ഐ.പി ബ്ലോക്ക് നിർമിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി ഏപ്രിലിൽ കെട്ടിടം ഉദ്ഘാടനം ചെയ്യും.

2021 ഫെബ്രുവരിയിലായിരുന്നു കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം. രണ്ടുനില കെട്ടിടത്തിലായി നിർമാണം പൂർത്തിയാകുന്ന ഐ.പി ബ്ലോക്കിൽ ഡോക്ടറുടെയും നഴ്സുമാരുടെയും ഡ്യൂട്ടി റൂമുകൾ, റിസർച്ച് റൂം, പഞ്ചകർമ്മ തെറാപ്പി റൂം, വനിതാ വാർഡ്, മെഡിസിൻ സ്റ്റോർ, പുരുഷ വാർഡ്, പേ വാർഡുകൾ, ലൈബ്രറി ഹാൾ, റാംപ് എന്നിവ ഒരുക്കും. പഞ്ചായത്തിൻ്റെ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. നിരവധി പേർ ദിവസവും ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിൽ പുതിയ കെട്ടിടം തുറക്കുന്നത് രോഗികൾക്കും ആശുപത്രി അധികൃതർക്കും ഒരുപോലെ ആശ്വാസമാകും.