കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് നാടിന് സമര്‍പ്പിക്കും

post


അവസാനിക്കുന്നത് ദൈന്യതയുടെ നാളുകള്‍


കാസര്‍കോട്: കാസര്‍കോട് കെല്‍ ഇഎംഎല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും . കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി തുറക്കുന്നതോടെ അവസാനമാകുന്നത് ദൈന്യതയുടെയും തൊഴില്‍ പ്രതിസന്ധിയുടേയും നാളുകള്‍ക്കാണ്. കെല്‍ ഇ എം എല്‍ എന്ന പുതിയ പേരില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കമ്പനിയുടെ ചരിത്ര കാലം വിസ്മരിക്കാനാവില്ല.


കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ ഒരു ഇലക്ട്രിക്കല്‍ മെഷീന്‍ യൂണിറ്റ് 1990 ല്‍ ആണ് കാസര്‍കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഏറ്റവും മികച്ച ഇലക്ട്രിക്കല്‍ , അനുബന്ധ ഉപകരണങ്ങള്‍ കമ്പനിയിലൂടെ നിര്‍മിച്ച് ഇന്ത്യന്‍ റെയില്‍വെ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് വിതരണം ചെയ്തു.

മെച്ചപ്പെട്ട സാങ്കേതിക വിദ്യ കൈവരിക്കാനും പുതിയ വിപണികള്‍ കൈയടക്കാനും 2011 മുതലാണ് നവരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഭെല്‍ ഇ എം എല്‍ എന്ന പേരില്‍ കേന്ദ്ര സംസ്ഥാന സംരംഭമാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ കമ്പനിക്കായില്ല. ദേശീയ തലത്തില്‍ ഇത്തരത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് ഈ സ്ഥാപനവുമായി മുന്നോട്ടു പോവാന്‍ പ്രയാസമായി. 2020 മാര്‍ച്ച് 31 ന്കമ്പനിയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചു. 2011 ല്‍ ഇരുന്നൂറോളം ജീവനക്കാരുണ്ടായ കമ്പനിയില്‍ 2020 ആവുമ്പോഴേക്ക് 138 പേരായി കുറഞ്ഞു. കാര്യമായ മൂല്യശോഷണവും സംഭവിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്തി .

പിന്നീട് കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 2021 മെയ് 11 ന് കേന്ദ്ര സര്‍ക്കാര്‍ ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കി. ഭെല്ലിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് 2021 സെപ്തംബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ , കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. കമ്പനിയെ നവീകരിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനും 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 20 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ഈ വര്‍ഷം ജനുവരിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കെല്‍ ഇഎംഎല്‍ സന്ദര്‍ശിച്ചിരുന്നു. കമ്പനി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 15 ന് തൊഴിലാളികളുമായി ധാരണ പത്രം ഒപ്പിട്ടു. തൊഴിലാളികളുടെ മാസങ്ങളായി മുടങ്ങിയ ശമ്പളം ലഭ്യമാക്കി. തൊഴില്‍ പ്രതിസന്ധി പരിഹരിച്ച ബദ്രടുക്കയില്‍ 12 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കെല്‍ ഇ എം എല്‍ കമ്പനി ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പൊതുമേഖലാ വ്യവസായ വികസന രംഗത്തേക്കുള്ള സംസ്ഥാനത്തിന്റെയും ജില്ലയുടെയും പ്രതീക്ഷകള്‍ക്കാണ് ചിറക് മുളക്കുന്നത്.