ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡ് 2023: കാസർഗോഡ് ജില്ലയിലെ മികച്ച മുനിസിപ്പാലിറ്റിയായി നീലേശ്വരം

post

* ചെമ്മനാട് മികച്ച പഞ്ചായത്ത്

2023-24 സാമ്പത്തിക വര്‍ഷം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി 2023 ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംരംഭങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആന്‍ഡ് മെഗാ കാറ്റഗറിയില്‍ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ കൂടാതെ എക്‌സ്‌പോര്‍ട്ട് സംരംഭങ്ങള്‍, ഉത്പാദന സ്റ്റാര്‍ട്ടപ്പ്, വനിതാ/ പട്ടിക ജാതി സംരംഭകരുടെ സംരംഭങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. ഇവ കൂടാതെ സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള ആദരമായി സ്‌പെഷ്യല്‍ റെക്കഗ്‌നിഷന്‍ ഫോര്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ അവാര്‍ഡ് ജേതാക്കളില്‍ മികച്ച ഉത്പാദന സംരംഭം- സൂക്ഷ്മം (മൈക്രോ) കാസര്‍കോട് സ്‌കന്ദ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് കെ.പി. മുരളീകൃഷ്ണ, മികച്ച പഞ്ചായത്ത് ചെമ്മനാട്, മികച്ച മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവരും അര്‍ഹരായി.

2021-22 സാമ്പത്തിക വര്‍ഷം വരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. സംരംഭങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ക്ക് പുറമെ സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വസ്തുനിഷ്ഠവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായ മികച്ച സംരംഭങ്ങളെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്തിട്ടുള്ളത്. നിക്ഷേപങ്ങള്‍, വാര്‍ഷിക വിറ്റുവരവുകള്‍, ലാഭം, കയറ്റുമതി, ജീവനക്കാരുടെ എണ്ണം, ലഭിച്ച സര്‍ട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങള്‍, പരിസ്ഥിതി സുസ്ഥിരത സമ്പ്രദായങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അപേക്ഷകര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയും ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌കോറിംഗ് മാനദണ്ഡം ഉപയോഗിച്ചുമാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുത്തത്. ഉത്പാദന മേഖലയില്‍ സൂക്ഷ്മ വിഭാഗത്തില്‍ 112 അപേക്ഷകളും ചെറുകിട വിഭാഗത്തില്‍ 104 അപേക്ഷകളും ഇടത്തരം വിഭാഗത്തില്‍ 34 അപേക്ഷകളും വന്‍കിട വിഭാഗത്തില്‍ നാല് അപേക്ഷകളുമാണ് ലഭിച്ചത്. കൂടാതെ 61 സ്ത്രീ സംരംഭകരില്‍ നിന്നും ഏഴ് പട്ടിക ജാതി സംരംഭകരില്‍ നിന്നും 52 കയറ്റുമതി സംരംഭങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചു. ഇവരില്‍ നിന്നും നിശ്ചയിച്ച സ്‌കോറിംഗ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി അവാര്‍ഡിന് അർഹരായവരെ തിരഞ്ഞെടുത്തു.